വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി ഫോറസ്റ്റ് ലീസ് കര്‍ഷകര്‍

0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി ജില്ലയിലെ ഫോറസ്റ്റ് ലീസ് കര്‍ഷകര്‍. കൈവശമുള്ള ലീസ് ഭൂമിക്ക് പട്ടയം നല്‍കുന്നതിലെ കാലതാമസത്തില്‍ പ്രതിഷേധിച്ചാണ് 600 ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.
ഈ മാസം 19ന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ജില്ലാകലക്ടര്‍ക്ക് തിരിച്ചു നല്‍കുമെന്നും സമരസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി നിശ്ചയിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും കര്‍ഷകരുടെ കൈവശമുള്ള ലീസ് ഭൂമിക്ക് പട്ടയം നല്‍കുന്നതിലുണ്ടാകുന്ന കാലതാമസത്തില്‍ പ്രതിഷേധിച്ചുമാണ് കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. കര്‍ഷകര്‍ക്ക് നല്‍കിവന്നിരുന്ന പി എം കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങള്‍ 2018 മുതലാണ് നിര്‍ത്തലാക്കിയത്. 2015ല്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ കര്‍ഷകരുടെ കൈവശമുള്ള ലീസ് ഭൂമിക്ക് പട്ടയം അനുവദിച്ചെങ്കിലും വയനാട്ടിലെ കര്‍ഷകരെ മാത്രം പരിഗണിച്ചില്ലെന്നും, ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും, വിഷയത്തില്‍ ഇടപെടുകയോ പരിഹാരത്തിന് ശ്രമിക്കുകയോ ചെയ്തില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ഷക സമരസമിതി നടത്തിയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ലിസ് ഭൂമിയുടെയും കൈവശരേഖ നല്‍കിയ ഭൂമിയുടെയും കണക്കെടുപ്പ് നടത്തിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലീസ് കര്‍ഷകര്‍ ജില്ലാ കളക്ടര്‍ക്ക് ഐഡി കാര്‍ഡ് തിരിച്ചു നല്‍കി വോട്ട് ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നത്. ഇതിന്റെ മുന്നോടിയായി ഈ മാസം ഏഴിന് കര്‍ഷകര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വാഹന പ്രചരണ ജാഥയും 17ന് ബത്തേരിയില്‍ കര്‍ഷക റാലി നടത്തും. സമരസമിതി ചെയര്‍മാന്‍ കെ.കെ.രാജന്‍, ജന:കണ്‍വീനര്‍ പി.ആര്‍ രവീന്ദ്രന്‍, വൈ ചെയര്‍മാന്‍ സത്യന്‍ കോളൂര്‍, ട്രഷറര്‍ സി.എം.ബാലകൃഷ്ണന്‍, ലീസ് കര്‍ഷകനായ ഷാജു താമരച്ചാലില്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!