പനമരത്തെ അനധികൃത വ്യാപാരം പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. പനമരം ടൗണിനോട് ചേര്‍ന്ന വലിയ പാലത്തിനു സമീപം മുതല്‍ ആര്യന്നൂര്‍ നടവരെയുള്ള പാതയോരത്തെ ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തികുന്ന 26 ഓളം കടകളാണ് പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയത്. ആളുകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാതെ വാഹനം റോഡില്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നത് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നുവെന്നും അപകട സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടാതെ മലയോര ഹൈവയുടെ ഭാഗമായി റോഡ് വികസിച്ചതോടെ കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥലവും പരിമിതമാണ്.
രേഖകളില്ലാതെ പഞ്ചായത്തിന്റെ അനുമതിയോടെയല്ലാതെ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കച്ചവടക്കാര്‍ അവഗണിക്കുകയും കച്ചവടം തുടരുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി. അജയ്കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍ പി. ബില്‍ഡിംഗ് സെക്ഷന്‍ ക്ലാര്‍ക്ക് മുഹമ്മദ് അഷ്റഫ്. പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനീഷ്.സി.ജി, വാര്‍ഡിന്റെ ചുമതലയുള്ള ക്ലര്‍ക്കുമാരായ ബിനു വര്‍ക്കി, സജീവ് കുമാര്‍ പി എസ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്തത്. ഈ സ്ഥലങ്ങളില്‍ ഇനിമുതല്‍ അനധികൃത കച്ചവടങ്ങള്‍ നടത്തുവാന്‍ പാടില്ല എന്ന് സെക്രട്ടറി അറിയിച്ചു.