എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. പതിവ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.പരീക്ഷാഹാളില്‍ പാലിക്കേണ്ട ഡ്രസ് കോഡും ഹാളില്‍ അനുവദിച്ചിരിക്കുന്ന വസ്തുക്കളും മാത്രമേ കൊണ്ടുപോകാവൂ. അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടിങ് സമയം അനുസരിച്ച് പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നല്‍കിയിട്ടുണ്ട്. ഒരു ക്ലാസ് മുറിയില്‍ 24 കുട്ടികളാണ് പരീക്ഷ എഴുതുക. ഒരു ക്ലാസ് മുറിയില്‍ രണ്ടു ഇന്‍വിജിലേറ്റര്‍മാരുണ്ടാകും.വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.