വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വെങ്ങപ്പള്ളി ചൂര്യാറ്റ തെക്കുംതറ റോഡിന്റെ പ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രദേശവാസികള്‍ പരാതി അയച്ചു. ബി.ജെ.പി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരാറുകാരന്റെയും ഉദ്യോഗസ്ഥരൂടെയും അനാസ്ഥയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി.
പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിലാണ് കൊടും കായം-തെക്കും തറ റോഡിന് നാലുവര്‍ഷം മുമ്പ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത്. ഒരു വര്‍ഷത്തിനുശേഷം പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. നിരവധി തവണ നാട്ടുകാര്‍ സമരം നടത്തിയെങ്കിലും ഇതുവരെയും ജോലി പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ മഴക്കാലത്തെ സ്ഥിതി തന്നെയായിരിക്കും ഈ മഴക്കാലത്തും തങ്ങള്‍ക്ക് ഉണ്ടാവുകയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.