കല്‍പ്പറ്റ: വയനാട് ആഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ഷോ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈ നാട്ടിന്റെ ജൈവ വൈവിധങ്ങളെയും,.സംസ്‌ക്കാരിക പൈതൃകങ്ങള്‍ ഉള്‍പ്പെടെ ഒരു കുടക്കീഴില്‍ കാണാന്‍ സാധിക്കുന്ന സൗകര്യമാണ് വയനാട് ഫ്‌ളവര്‍ ഷോയില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയായിരുന്നു. എഡിഎം എന്‍ ഐ ഷാജു, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി, ജനറല്‍ കണ്‍വീനര്‍ കെ.എസ് രമേശ്, അജിത് കുമാര്‍, ഡി രാജന്‍, അലവിക്കുട്ടി, എ ദേവകി, ബിമല്‍കുമാര്‍ എം എ, വി പി രത്നരാജ്, മോഹന്‍ രവി, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഒ എ വിരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫ്ളവര്‍ഷോയുടെ പ്രചരണാര്‍ത്ഥം ബുധനാഴ്ച വൈകിട്ട് കല്‍പ്പറ്റയില്‍ വിളംബര ജാഥ നടന്നു. ചന്ദ്രഗിരി ഓഡിറ്റോറിയം മുതല്‍ ഫ്ളവര്‍ ഷോ ഗ്രൗണ്ട് വരെ നടന്ന വിളംബരജാഥയില്‍ ശിങ്കാരിമേളം, പൂക്കാവടി, നാസിക്ഡോള്‍, വയനാടിന്റെ തനത് രൂപമായും ചീനിയും തുടിയും, കോല്‍ക്കളി, ദഫ്മുട്ട് എന്നിങ്ങനെ വിവിധ കലാരൂപങ്ങളുമുണ്ടായിരുന്നു.
ഒട്ടേറെ പുതുമകളുമായാണ് ഇടവേളക്ക് ശേഷം വീണ്ടും വയനാട് ഫ്ളവര്‍ഷോയുമായി അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി എത്തുന്നത്. നഗരവീഥിയിലൂടെ രഥയാത്ര, ഹെലികോപ്റ്റര്‍ യാത്ര എന്നിവ ഇത്തവണത്തെ ഫ്ളവര്‍ഷോയ്ക്ക് മാറ്റ് കൂട്ടും. പുഷ്പ, ഫല, സസ്യപ്രദര്‍ശനമെന്ന നിലയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പൂക്കളുടെ വിശാലമായ ശേഖരമാണ് മറ്റൊരു പ്രത്യേകത. ഇതോടൊപ്പം തന്നെ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടക്കും. കുട്ടികള്‍ക്കും, വിദ്യാര്‍ഥികളും, വീട്ടമ്മമാര്‍ക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വെജിറ്റബിള്‍ കാര്‍വിങ്, ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരം, പുഷ്പരാജ, പുഷ്പറാണി മത്സരങ്ങള്‍, പാചകമത്സരം, മൈലാഞ്ചി അണിയിക്കല്‍ മത്സരം, കട്ട്ഫ്ളവര്‍, മിസ് ഫ്ളവര്‍ഷോ, പുഞ്ചിരിമത്സരം, ചിത്രരചനാമത്സരം എന്നിങ്ങനെ നിരവധിയായ മത്സരങ്ങളും ഇത്തവണത്തെ ഫ്ളവര്‍ഷോയുടെ ഭാഗമായി നടക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ്കോര്‍ട്ട്, സ്റ്റാളുകള്‍, എന്നിവയുമുണ്ടാകും. അതോടൊപ്പം എല്ലാദിവസം പ്രമുഖര്‍ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.