കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കേന്ദ്ര ഫോറസ്റ്റ് ആക്ടില്‍ നിയമ ഭേദഗതി വരുത്തുകയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ജീവഹാനി സംഭവിച്ചവര്‍ക്കും, കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റില്‍ വിളിച്ച യോഗത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു.
വയനാട് ജില്ലയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. ജനസംഖ്യയുടെ പകുതിയിലധികം പേരും ഉപജീവനത്തിനായി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജില്ല, വനത്താല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ പല കൃഷിഭൂമികളും വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. വര്‍ഷങ്ങളായി, വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മിക്കപ്പോഴും അത് വിളകള്‍ നശിപ്പിക്കുന്നതിലേക്ക് പരിമിതപ്പെട്ടിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ മനുഷ്യനും, മൃഗങ്ങളുമായി പല സന്ദര്‍ഭങ്ങളില്‍ ഏറ്റമുട്ടുകയും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും ഉണ്ടാകുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 51 പേര്‍ മരിച്ചു, അതില്‍ 41 പേര്‍ ആനകളാല്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ കടുവയുടെ ആക്രമണത്തിലും രണ്ട് പേര്‍ കാട്ടുപോത്തും ഒരാളും പന്നിയുടെ ആക്രമണത്തിലും മരിച്ചു.
എന്നാല്‍ ഇപ്പോള്‍ ആക്രമണങ്ങളുടെ ഇടവേള കുറഞ്ഞ് വരുകയും കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മൂന്ന് പേരാണ് വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ഏഴ് ദിവസങ്ങളുടെ വ്യത്യസത്തിലാണ്. 2023 ഡിസംബറില്‍ പ്രജീഷ് (36) എന്ന യുവകര്‍ഷകനെ കടുവ കൊന്ന് ഭാഗികമായി തിന്നുകയും, ഇതിനു ശേഷം കഴിഞ്ഞ 15 ദിവസത്തിനിടെ അജീഷും, പോളും എന്നിവര്‍ ആനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെടുകയുണ്ടായത്. ഈ ദാരുണ മരണങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്ന മനുഷ്യ-മൃഗ സംഘര്‍ഷങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത എംഎല്‍എ ചൂണ്ടികാണിച്ചു.
ആനകളും കടുവകളും ഭക്ഷണം തേടി സംസ്ഥാന അതിര്‍ത്തികളില്‍ കടന്ന് വരുകയും ചില സമയങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടിയ മൃഗങ്ങളെ സമീപ സംസ്ഥാന അതിര്‍ത്തികളില്‍ തുറന്നു വിടുന്ന സാഹചര്യങ്ങളും വര്‍ദ്ധിച്ച് വരുന്നു. ഇങ്ങനെ പിടികൂടുന്ന മൃഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട് അക്രമകാരികള്‍ ആകാതിരിക്കാന്‍ മേല്‍ പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളുടേയും ഒരു സംയോജിത കോര്‍ഡിനേഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തേണ്ടതും, ഇങ്ങനെയുള്ള മൃഗങ്ങളെ സ്ഥിരമായി മോണിറ്ററിംഗ് ചെയ്യാന്‍ സംവിധാനം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.
അജീഷിനെ കൊന്ന കൊലയാളി ആന 2023 നവംബറില്‍ കര്‍ണാടക വനം വകുപ്പ് പിടികൂടിയതും, റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് തിരിച്ച് തുറന്ന് വിട്ടതും മേല്‍ പറഞ്ഞ ആവശ്യകതക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.
മാത്രമല്ല വനങ്ങളുടെ ആവാസ വ്യവസ്ഥയുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവ് കാരണം വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ഭക്ഷണവും, ജലസ്ത്രോതസ്സുകളും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് കാരണം പ്രധാനമായും അക്കേഷ്യ, മാഞ്ചിയം, സെന്ന, യൂക്കാലിപ്റ്റസ് എന്ന സസ്യങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നതാണ്. അതിനാല്‍ കാടിന്റെ സ്വാഭാവിക സസ്യജന്തുജാലങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിന് കര്‍ശനമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
അതോടൊപ്പം വന്യജീവികളുടെ സങ്കേതങ്ങളുടെ സംയോജിത വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായം രണ്ട് ഗഡുക്കളായാണ് നല്‍കി വരുന്നത്. ഇത് പലപ്പോഴും ഒരു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഭാഗത്താണ് ലഭിക്കുന്നത്. ആയതിനാല്‍ പലപ്പോഴും പൂര്‍ണ്ണ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാറില്ല. ആയതിനാല്‍ ഇങ്ങനെ നല്‍കുന്ന ധനസഹായം ആദ്യ ഗഡു സാമ്പത്തിക വര്‍ഷത്തിലെ ഓഗസ്റ്റ് മാസത്തിന് മുമ്പും, രണ്ടാം ഗഡു ജനുവരിക്ക് മുമ്പും നല്‍കാനുള്ള നടപടി ഉണ്ടാകണം.
ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മൃഗവേട്ട നടക്കാത്തതിനാല്‍ സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചുവരികയാണ്. ഈ വര്‍ധനവ് കാരണം പലപ്പോഴും നിലവിലുള്ള കാടുകള്‍ക്ക് മൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കാന്‍ പ്രേരിതമാകുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടില്‍ ചില ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ട്.
1. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രായോഗികമായ നടപടി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് വകുപ്പ് 11(1) എ ഭേദഗതി ചെയ്യണം.
2. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഡിഎഫ്ഒക്കോ റീജിയണല്‍ സിസിഎഫ്നോ അനുമതി നല്‍കണം.
3. വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് കുറയ്ക്കുന്നതിന് കര്‍ശനമായ ജനന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം.
4.ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം. കുരങ്ങുകളുടെ ജനന നിയന്ത്രണ നടപടികളും അവയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുമുള്ള നടപടികള്‍ ഉണ്ടാകണം.
5.പട്ടികയില്‍പ്പെട്ട വന്യമൃഗങ്ങളെ പുനഃക്രമീകരിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കണം. ഒരു ഇനത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കണം.
6. വന്‍തോതില്‍ വര്‍ധിക്കുന്ന എണ്ണം നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ കംഗാരു ഹണ്ട് പദ്ധതിയുടെ മാതൃകയില്‍ മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം.
മൃഗങ്ങളെ വനത്തിനുള്ളില്‍ നിര്‍ത്തുന്നതിനും ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് തടയുന്നതിനും പ്രതിരോധ നടപടികള്‍ നടപ്പിലാക്കണം. പ്രധാനമായും ആനയുടെ കടന്ന് കയറ്റത്തെ ചെറുക്കുന്നതിനായി കിടങ്ങുകള്‍, നിര്‍മ്മാണം, കല്ല് ഭിത്തികള്‍, സൗരോര്‍ജ്ജ വൈദ്യുത വേലികള്‍ എന്നിവ കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പിലാക്കണം. കൂടുതല്‍ ദ്രുത പ്രതികരണ സംഘങ്ങളെ രൂപീകരിച്ച് ആധുനിക ഉപകരണങ്ങളായ തോക്കുകള്‍, ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍, എന്നിവ നല്‍കി സുസജ്ജമാക്കണം. ഇങ്ങനെയുള്ള പ്രതിരോധ നടപടികള്‍ക്കായി കേരളത്തിന് മൊത്തത്തില്‍ 1000 കോടി രൂപയും അതില്‍ വയനാടിന് മാത്രമായി 500 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം.
വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഒരാളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് പുറമെ കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ സഹായം നല്‍കണം, മാത്രമല്ല കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കുകയും വേണം.
വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള മരണമോ അപകടമോ സംഭവിച്ചാല്‍ സാമ്പത്തിക സഹായം തീരുമാനിക്കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണല്‍ മാതൃകയില്‍ ഒരു ജുഡീഷ്യല്‍ സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്നും കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.