വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന്റെ ഭാഗമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിന് നിർദേശം. റവന്യൂ മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) സുനിൽ.കെ.എമ്മും സന്നിഹിതനായിരുന്നു.
5,97,53,793 കോടി രൂപ പലയിനങ്ങളിലായി തൊഴിലാളികൾക്ക് നൽകാനുണ്ടെന്നും ഇതിന്റെ റവന്യൂ റിക്കവറി നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. കെട്ടിവയ്ക്കാൻ പറഞ്ഞ തുക രണ്ട് ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവച്ചു. എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്ന് സംബന്ധിച്ച നിർദ്ദേശം കോടതിയിൽ നിന്നുണ്ടായിട്ടില്ല. തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽ നിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണ് എജിക്ക് നൽകിയ നിർദ്ദേശം.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/- രൂപയും ആയതിന് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591/-രൂപയും
2019,2023 വർഷങ്ങളിലെ സാലറി അരിയർ ആയ 4,46,382/- രൂപയും പ്രൊവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240/- രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087/- രൂപയും
തൊഴിലാളികൾക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവർഷം 350/- രൂപ എന്ന നിരക്കിൽ 6 വർഷക്കാലം നൽകാനുള്ള 3,25,500/- രൂപയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300/- രുപയും
അൺക്ലയിമിഡ് ഡ്യൂസ് ആയ 33,67,409/- രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികൾക്ക് മാനേജുമെന്റ് നൽകുമെന്ന് തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ) സുനിൽ.കെ.എം – ൻ്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ ലേബർ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു.