തുടര്‍ ഭരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ട് ടേം മാനദണ്ഡം പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 11 വനിതകളാണ് 83 പേരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016 ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ 9 പേര്‍ സ്വതന്ത്രന്മാരായാണ് ജനവിധി തേടുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍. എം എം മണി, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.
മന്ത്രിമാരായ ഇ പി ജയരാജന്‍, തോമസ് ഐസക്, ജി സുധാകരന്‍, എ കെ ബാലന്‍, സി രവീന്ദ്രനാഥ് എന്നിവരാണ് ഇത്തവണ മത്സര രംഗത്തില്ലാത്തത്. സ്ഥാനാര്‍ഥികളില്‍ 13 പേര്‍ യുവജന വിദ്യാര്‍ഥി രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ജെയ്ക് സി തോമസ്, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണവര്‍. മുപ്പതിനും 40നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടച്ചവര്‍. ബിരുദധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആര്‍ക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും പട്ടികയിലുണ്ട്.
പുതുതായി മുന്നണിയിലേക്കു വന്ന കേരള കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റ് കണ്ടെത്തുമ്പോള്‍ 2016ല്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ കുറവു വരുമെന്ന യാഥാര്‍ഥ്യം ഘടകക്ഷികള്‍ ഉള്‍കൊണ്ടതായി എ.വിജയരാഘവന്‍ പറഞ്ഞു. 5 സിറ്റിങ് സീറ്റ് ഉള്‍പ്പെടെ 7 സീറ്റ് സിപിഎം വിട്ടുകൊടുത്തു. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്തതില്‍ എല്‍ഡിഎഫിന് സംതൃപ്തിയുണ്ട്. അംഗീകാരത്തിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രമല്ല സംഘടനാപ്രവര്‍ത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.