ജീപ്പ് സര്‍വ്വീസ് മുടങ്ങിയതിനാല്‍ ഇന്നലെ സ്‌കൂളിലെത്താതിരുന്ന മേപ്പാടി എരുമകൊല്ലി ജി.യു.പി.സ്‌കുളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് സ്‌കൂളിലെത്തിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഹന സൗകര്യമേര്‍പ്പെടുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. . ഇന്ന് അധ്യായനം പുനരാരംഭിച്ചു. 47 കുട്ടികള്‍ പഠിക്കുന്ന മേപ്പാടി എരുമക്കൊല്ലി ജി.യു പി.സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ചിരുന്ന ജീപ്പുടമക്ക് വാടക ഇനത്തില്‍ 1,71,000 രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ഇന്നലെ ഉടമ സര്‍വ്വീസ് നിര്‍ത്തിയത്.
ഇതോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യയനം മുടങ്ങി. രക്ഷിതാക്കള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി സമരം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മാനദണ്ഡമനുസരിച്ച് ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് ചിലവില്‍ സ്‌കൂളിലെത്തിക്കാന്‍ കഴിയില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവും മാനുഷിക പരിഗണനയും കണക്കിലെടുത്ത് തദ്ദേശ വകുപ്പ് മന്ത്രി അധ്യക്ഷനായ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി തുക നല്‍കാന്‍ അനുമതി നല്‍കേണ്ടതുണ്ട്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സമാശ്വാസ തുക മേപ്പാടി ഗ്രാമപഞ്ചായത്ത് അനുവദിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ജീപ്പ് സര്‍വ്വീസ് പുനരാരംഭിച്ചത്.മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിച്ച് അധ്യയനം പുനരാരംഭിച്ചെങ്കിലും ശാശ്വതമായ ഒരു പരിഹാരം കാണേണ്ടതുണ്ട്.രണ്ടര കിലോമീറ്റര്‍ താഴെ ഭാഗത്തായി കണ്ടെത്തിയ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ച് അവിടേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിക്കുകയെന്നതാണ് ശാശ്വത പരിഹാരം .