റേഷൻ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കി. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88 ആകും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്തു സ്റ്റോക്ക് ഉള്ളതിനാൽ വില വർധിപ്പിക്കണോ എന്ന കാര്യം സർക്കാരാണു തീരുമാനിക്കേണ്ടത്.
രണ്ടര വർഷത്തിനിടെ കൂടിയത് 70 രൂപ
ലീറ്ററിന് 18 രൂപയായിരുന്ന റേഷൻ മണ്ണെണ്ണ വില രണ്ടര വർഷത്തിനിടെ 70 രൂപയാണു വർധിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് 50 രൂപ കടന്നത്. നിലവിൽ റേഷൻ മണ്ണെണ്ണയുടെ സ്റ്റോക്ക് ഉള്ള സാഹചര്യത്തിൽ കൂടിയ വില ഈടാക്കാതെ മണ്ണെണ്ണ നൽകാൻ പറ്റുമോയെന്നു പരിശോധിച്ചു പറയാമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
മത്സ്യബന്ധന മേഖലയ്ക്കാകും വിലവർധന മൂലമുള്ള വൻ തിരിച്ചടി. ഔട്ട്ബോർഡ് എൻജിൻ യാനങ്ങൾക്കു പെർമിറ്റ് അനുസരിച്ചു പ്രതിമാസം 130–190 ലീറ്റർ നൽകുന്ന നോൺ സബ്സിഡി മണ്ണെണ്ണ 2160 കിലോ ലീറ്റർ കേന്ദ്രം അനുവദിച്ചിരുന്നു. കഴിഞ്ഞ 5 ദിവസമായി എണ്ണക്കമ്പനികളുടെ കേരളത്തിലെ സംഭരണകേന്ദ്രങ്ങളിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ പൂർണമായി ഏറ്റെടുത്തു കൈമാറാൻ ഡീലർമാർക്കു കഴിഞ്ഞിട്ടില്ല. അതിനാൽ അധിക വില നൽകി ഏറ്റെടുക്കേണ്ടി വരും.
മത്സ്യഫെഡ് ബങ്കുകൾ വഴി നിശ്ചിത തോതിൽ മത്സ്യബന്ധന യാനങ്ങൾക്കു നൽകുന്ന മണ്ണെണ്ണയുടെ വില ഇന്നലെ 6 രൂപ വരെ കുറഞ്ഞതായി മാനേജിങ് ഡയറക്ടർ വ്യക്തമാക്കി. ലീറ്ററിന് 132 രൂപയായിരുന്നു ഈ മണ്ണെണ്ണയുടെ വില. റേഷൻ മണ്ണെണ്ണയും പെർമിറ്റ് അടിസ്ഥാനത്തിൽ ഉള്ള മണ്ണെണ്ണയും തീരുമ്പോൾ പൊതുവിപണിവിലയ്ക്കുള്ള ഈ മണ്ണെണ്ണയെ ആണ് മത്സ്യബന്ധനമേഖല ആശ്രയിക്കുന്നത്.