‘നൊസ്റ്റാള്‍ജിയ’ വെള്ളമുണ്ടയിലെ പ്രഥമ ഹൈസ്‌കൂള്‍ ബാച്ചിന് ഗ്രാമാദരം
വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ ആദ്യ ഹൈസ്‌കൂള്‍ ബാച്ചിലെ (1958-61)വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ ഗ്രാമാദരം നല്‍കി.പബ്ലിക് ലൈബ്രറിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഗ്രാമാദരപത്രവും സ്‌നേഹോപഹാരവും കൈമാറി.
മംഗലശ്ശേരി മാധവന്‍, പ്രൊഫ. കെ. ടി നാരായണന്‍,എ ശങ്കരന്‍, മംഗലശ്ശേരി നാരായണന്‍, എ. ശ്രീധരന്‍, എം. മോഹനന്‍, എം.പത്മാവതി , സി.ടി ഏലി,എ. ഭാര്‍ഗ്ഗവി, വി. കെ രാമന്‍ക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.എണ്‍പതു വയസ്സ് പിന്നിട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികളെല്ലാം തന്നെ ഒരിടത്തു ഒരുമിച്ചു കൂടിയപ്പോള്‍ ഉണ്ടായ സന്തോഷവും ആഹ്ലാദവും സമാഗമത്തെ വികാരഭരിതമാക്കി.പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരുമിച്ചതിന്റെ സന്തോഷങ്ങള്‍ പങ്ക് വെച്ചും ഓര്‍മ്മകള്‍ അയവിറക്കിയും പഴയെ സഹപാഠികള്‍ ചടങ്ങില്‍ സമയം ചെലവിട്ടു.പഴയ ബന്ധങ്ങള്‍ ആഘോഷിക്കുന്നതിനും പുതുക്കുന്നതിനുമായി ലഭിച്ച അവസരം എന്നതിലുപരി പുതിയ തലമുറയുടെ ആദരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലുമാണ് പഴയെ കൂട്ടുകാര്‍.സംസാരിച്ചിട്ടും മതിയാകാതെ വിശേഷങ്ങള്‍ പറഞ്ഞു തീരാതെ കണ്ടിട്ടും കൊതിതീരാതെ അവര്‍ പഴയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഓര്‍മ്മചെപ്പുകള്‍ ഓരോന്നായി തുറന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചു കൂടിയപ്പോള്‍ അത് അവര്‍ക്ക് മനസ്സിന് കുളിരണിയിക്കുന്ന അനുഭവമാവുകയും സ്‌നേഹജ്വാലയായ് പരസ്പരം പടരുകയും ചെയ്തു.