നൂതന പദ്ധതികള്‍ നൂതന ആശയങ്ങള്‍ ബത്തേരി നഗരസഭ ജനകീയ ആസ്ഥാനമായി മാറും :സ്പീക്കര്‍ എ.എന്‍.ഷംസീര്‍

0

നൂതന പദ്ധതികളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് ജനകീയ ആസ്ഥാനമായി മാറാന്‍ കഴിയുമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരസഭ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും ജനങ്ങള്‍ക്ക് വളരെ വേഗം സേവനം നല്‍കാന്‍ കഴിയുന്ന കാര്യാലയമായി മാറാന്‍ നഗരസഭകള്‍ക്ക് കഴിയണം. ഒട്ടേറെ മാതൃകാ പദ്ധതികള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയെ വേറിട്ടതാക്കുന്നുണ്ട്.
ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്ളവര്‍ സിറ്റി എന്നിങ്ങനെ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ഹാപ്പിനസ് ഇന്‍ഡക്സ് വര്‍ദ്ധിപ്പിക്കുന്നതിനായി ഹാപ്പി ഹാപ്പി ബത്തേരി എന്ന ആശയവും മുന്നോട്ട് വെക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെയുമുള്ളവര്‍ക്കായും ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്കും മാതൃകയാണ്. പുതിയ കെട്ടിടവും മുന്നോട്ടുള്ള ചുവടുവെപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ മികച്ച പ്രവര്‍ത്തനത്തിനായി ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരസഭയില്‍ പുതുതായി തുടങ്ങിയ കഫെ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ലോഗോ ഡിസൈനര്‍ ഷാലു നക്ഷത്രയെയും, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.റഷീദ്, പി.എസ് ലിഷ, ഷാമില ജുനൈസ്, ടോം ജോസ്, സി.കെ സഹദേവന്‍, സാലി പൗലോസ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സി. യോഹന്നാന്‍,രാധാ രവീന്ദ്രന്‍,സി.കെ. ആരിഫ്, നഗരസഭ സീനിയര്‍ സെക്രട്ടറി കെ.എം സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

സൗജന്യമായി ചായയും കടിയും
വയോജനങ്ങള്‍ക്ക് നഗരസഭയുടെ സന്തോഷ് സമ്മാനം

ഓഫീസ് കാര്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായി ഇനി ചായയും കടിയും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി വയോജനക്ഷേമത്തില്‍ പുതിയ കാല്‍വെപ്പുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ ഇടം പിടിക്കുകയാണ്. നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുതിയ പദ്ധതിക്കും നഗരസഭ തുടക്കം കുറിച്ചത്. ഒട്ടേറ നൂതന പദ്ധതികളിലൂടെ ശ്രദ്ധിക്കുന്ന മുന്നേറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ ക്ലീന്‍ സിറ്റിയുമായി മാറിയ സുല്‍ത്താന്‍ ബത്തേരി നഗര സഭയാണ് ഇനി വയോജനങ്ങള്‍ക്കും സന്തോഷമുള്ള വാര്‍ത്തയായി മുന്നില്‍ വരുന്നത്. നഗരസഭ കാര്യാലയത്തിലെത്തുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയാണ് ഇതിനായി പരിഗണിക്കുക. പുതിയതായി നടപ്പാക്കുന്ന ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി തുടങ്ങിയ കഫേയില്‍ നിന്നാണ് ഈ സൗജന്യം ലഭിക്കുക. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5.6 ലക്ഷം രൂപ ചെലവഴിച്ചാണ് കഫെ നിര്‍മിച്ചത്. കുടുംബശ്രീയുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായുളള കഫേയില്‍ കുടുംബശ്രീയില്‍ നിന്നും പരിശീലനം ലഭിച്ചവരെയാണ് നിയമിച്ചിട്ടുള്ളത്.
ജി പ്ലസ് ടൂ സംവിധാനത്തിലാണ് നഗരസഭയ്ക്ക് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചത്. താഴെ നിലയില്‍ കുടുംബശ്രീ, സിഡിഎസ് എന്നിവര്‍ക്ക് പുറമേ കൗണ്‍സിലര്‍ന്മാര്‍ക്ക് ജനങ്ങളുമായി സംവദിക്കാന്നും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ ഓഫീസ് പ്രവര്‍ത്തനത്തിനും രണ്ടാം നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാളും സജ്ജമാക്കിയിട്ടുണ്ട്. നഗരസഭയിലെ ഓരോ നിലയിലും ശുചിമുറികളുമുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി നഗരസഭയിലെ ഹാപ്പിനെസ് ഇന്റക്സ് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനതല സ്വരാജ് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരം വൃത്തിയുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിയെ തേടി ഇതിനകം എത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭ മാതൃകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!