സംസ്ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

0

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപന തോത് കുറയുന്നില്ലെങ്കില്‍ സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.
അതേസമയം സംസ്ഥാനത്ത്അറുനൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നും വാക്സിനേഷന്‍ തുടരും. ഒന്നര ലക്ഷം വാക്സിനാണ് സ്റ്റോക്കുള്ളത്. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍രണ്ട് ഡോസ് വാക്സിനും സൗജന്യമായി നല്‍കാന്‍ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. അധിക വാക്സിന്‍ എത്താത്ത സാഹചര്യത്തില്‍ നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.
കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്ട്രേഷനിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നാളെ മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!