ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(07.06.2023)

0

ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ചു

ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് തലത്തില്‍ ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ചു. വൈത്തിരി താലൂക്കില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറെയും മാനന്തവാടി താലൂക്കില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടറെയും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ എല്‍.ആര്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറെയുമാണ് ചാര്‍ജ്ജ് ഓഫീസര്‍മാരായി നിയോഗിച്ചത്. ചാര്‍ജ്ജ് ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് മഴക്കാല മുന്നൊരുക്കം വിലയിരുത്തും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കും.

കൂടിക്കാഴ്ച 9 ന്

വാകേരി ജി.വി.എച്ച്.എസ്.എസില്‍ എം.എല്‍.ടി തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 9 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 229296, 9020202600.

വാക്ക് ഇന്‍ ഇന്റര്‍വ്യു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നൂല്‍പ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബി.സി.എ, ഉബുണ്ടു സോഫ്റ്റ്വെയറില്‍ പരിജ്ഞാനവുമാണ് യോഗ്യത. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുമായി ജൂണ്‍ 14 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 270140.

എസ്.സി പ്രമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ പ്രമോട്ടറെ നിയമിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു, തത്തുല്യം. പ്രായപരിധി 18 നും 40 നും മദ്ധ്യേ. ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലേക്ക് നിയമിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 20 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ/ ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസുകളില്‍  ലഭിക്കും. ഫോണ്‍: 04936 203824.

ക്ഷീര പരിശീലന കേന്ദ്രത്തില്‍ പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 14 മുതല്‍ 24 വരെ പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 135 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂണ്‍ 12 ന് വൈകീട്ട് 5 നകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ 0495 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.

Leave A Reply

Your email address will not be published.

error: Content is protected !!