തേനീച്ചയുടേയും കടന്നലിന്റേയും ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിന് സമാനമായ നഷ്ടപരിഹാരം ഇവര്‍ക്കും ലഭ്യമാക്കാനാണ് തീരുമാനിച്ചത്.
പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുകയാവും ലഭ്യമാക്കുക. പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നല്‍കുക. പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.
1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ച, കടന്നല്‍ എന്നിയെക്കൂടി ഉള്‍പ്പെടുത്തി. കേന്ദ്രനിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിര്‍വചനത്തില്‍ തേനീച്ചയും കടന്നലും ഉള്‍പ്പെടുന്നില്ല. അതിനാല്‍ തേനീച്ചയെ വളര്‍ത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമതടസ്സമില്ല.
വനത്തിനുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്താണെങ്കില്‍ രണ്ടുലക്ഷവുമാണ് നിലവില്‍ നഷ്ടപരിഹാരം. വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് വനംവകുപ്പ് ശുപാര്‍ശചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടുലക്ഷമാണ് നിലവിലുള്ള നഷ്ടപരിഹാരം.