ഇന്ന് ധനുമാസത്തിലെ തിരുവാതിര. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം. പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ഈ ദിനത്തിലാണെന്നും ഐതീഹ്യം. കന്യകമാര്‍ മംഗല്യ ഭാഗ്യത്തിനും ദമ്പതിമാര്‍ ദാമ്പത്യ സൗഖ്യത്തിനും ദീര്‍ഘ സുമംഗലി യോഗത്തിനും തിരുവാതിര നൊയമ്പെടുക്കുന്നു. പാതിരപ്പൂചൂടിയെത്തുന്ന മങ്കമാര്‍ ധനുമാസ തിരുവാതിരയുടെ അഴകാണ്.
തിരുവാതിരകളി, തിരുവാതിര വ്രതം, ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, തുടിച്ചുകുളി എന്നിവയെല്ലാം മുറപോലെ ആഘോഷിച്ച് സ്ത്രീകള്‍ മംഗല സൗഭാഗ്യത്തിനും നല്ല കുടുംബ ജീവിതത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. മകയിരം നൊയമ്പും, തിരുവാതിര നൊയമ്പും, എട്ടങ്ങാടി നിവേദ്യവും പൂത്തിരുവാതിര ആഘോഷങ്ങളും ചേര്‍ന്ന രസക്കാഴ്ചയാണ് മലയാളികള്‍ക്ക് തിരുവാതിര ആഘോഷങ്ങള്‍.