മുട്ടില്‍ മരംമുറി കാരാര്‍ ഏറ്റെടുത്ത ഓടപ്പള്ളം സ്വദേശി കളരിക്കണ്ടി ഹംസക്കുട്ടിക്ക് ഭീഷണികത്ത്. ഇന്ന് രാവിലെ വീടിന്റെ വരാന്തയിലും, പൊലിസ് പട്ടബുക്കിനിടയിലുമാണ് രണ്ട് ഭീഷണികത്തുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് ബത്തേരി പൊലിസ് അന്വേഷണം ആരംഭിച്ചു.
മരംമുറിക്കേസില്‍ പ്രതികള്‍ക്കെതിരെയും, വനംവകുപ്പിനെതിരെയും സാക്ഷി പറഞ്ഞ മരംമുറി കരാര്‍ ഏറ്റെടുത്ത വ്യക്തിയാണ് ഹംസക്കുട്ടി. പൊലിസ് പട്ടബുക്കിനിടയില്‍ നിന്നും കണ്ടെത്തിയ കത്തില്‍ എഴുതിയ വാചകങ്ങള്‍…. നിങ്ങള്‍ എത്രകാലം ഹംസകുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കും എന്നുള്ളത് നമുക്ക് കാണാം. വരാന്തയില്‍ നിന്നും ലഭിച്ച കത്തില്‍… മോനെ ഹംസക്കുട്ടി നിന്നെയും നിന്റെ കുടുംബത്തെയും പൊലിസ് എത്രസംരക്ഷിച്ചാലും 2022 നിന്നെ ഞങ്ങള്‍ കാണിക്കില്ലന്നുമാണ് എഴുതിയിരിക്കുന്നത്. രണ്ട് കത്തിന്റെയും അടിയില്‍ എജെഎന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെതുടര്‍ന്ന് ബത്തേരി പൊലിസ് ഹംസകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി വി ബെന്നിയും, ഇന്‍സ്പെക്ടര്‍ കെ വി ബെന്നിയും ഹംസകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തതു. കഴിഞ്ഞ മെയ് മാസത്തിലാണ് വിവാദ ഉത്തരവിന്റെ മറവില്‍ മുട്ടില്‍ വില്ലേജില്‍ നിന്നും വ്യാപകമായി വീട്ടിമരം മുറിച്ചത്.