ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ബ്ലഡ് മൂണ്‍’ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും.
3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12ന് അവസാനിക്കും. തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19നും അവസാനിക്കും. 2023 ഒക്ടോബര്‍ 28 വരെയാണ് ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് കാത്തിരിക്കേണ്ടത്.
പകല്‍ സമയമായതിനാല്‍ ഗ്രഹണം പൂര്‍ണമായി ഇന്ത്യയില്‍ കാണാനാകില്ലെങ്കിലും സൂര്യനസ്തമിക്കുന്ന ആറുമണിക്ക് തന്നെ ചന്ദ്രനും ഉദിച്ചുനില്‍ക്കുന്നതിനാല്‍ അവസാനദൃശ്യങ്ങള്‍ ഇന്ത്യയില്‍ കാണാം. അഗര്‍ത്തല, ഐസ്വാള്‍, ഭഗല്‍പൂര്‍, ഭുവനേശ്വര്‍, കട്ടക്ക്, കൊഹിമ , കൊല്‍ക്കത്ത, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്ര ?ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ ദൃശ്യമാവും.
കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീകചന്ദ്രഗ്രഹണം കാണാം. കേരളത്തില്‍ സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കില്‍ 15 മിനുറ്റ് കാണാം. രാത്രി 7.26വരെ ഉപഛായഗ്രഹണം തുടരുമെങ്കിലും ഇത് തിരിച്ചറിയാന്‍ പ്രയാസമാണ്.