വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍, ജില്ലാ ഭരണകൂടം,ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,കേരളം ടൂറിസം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിന്റെ 12-ാം പതിപ്പ് ജുലൈ മാസത്തില്‍ നടക്കും.ജൂലൈ 11,12,13 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടിലാണ് ‘സ്പ്ലാഷ് 2025’ ന്റെ മുഖ്യപരിപാടികള്‍ നടക്കുകയെന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബിടുബി മീറ്റാണ് സ്പ്ലാഷിന്റെ മുഖ്യ ആകര്‍ഷണം.ജില്ലയുടെ വിവിധ ഭാഗങ്ങളായി മഡ് ഫുട്ബാള്‍,വോളിബോള്‍ തുടങ്ങിയ മത്സരങ്ങളും കലാപരിപാടികളും സ്പ്ലാഷിന്റെ ഭാഗമായി നടക്കും.വയനാടിനു പുറമെ മലബാറിലെ മറ്റു ജില്ലകള്‍,നീലഗിരി,കുടക്,മൈസൂര്‍ മേഖലകളില്‍ നിന്നായി ഇരുന്നൂറോളം ടൂറിസം സംരംഭകരും കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ട്രാവല്‍ ഏജന്റുമാരും സ്പ്ലാഷ് 2025ല്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടൂറിസം മേഖലയിലെ പ്രമുഖരും രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രധാന വ്യക്തികളും വിവിധ ദിവസങ്ങളില്‍ സ്പ്ലാഷിന്റെ ഭാഗമാകും.
വയനാടിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വു പകരാനും തദ്ദേശീയ ടൂറിസം വികസനത്തിനുമായി വിഭാവനം ചെയ്ത മഴ മഹോത്സവം ഇതിനോടകം കേരളത്തിനകത്തും പുറത്തും ശ്രദ്ധ നേടിക്കഴിഞ്ഞു.കേരള ട്രാവല്‍ മാര്‍ട്ട് കഴിഞ്ഞാല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന പരിപാടിയാണ് സ്പ്ലാഷ്.
വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് കെ.ആര്‍ വാഞ്ചീശ്വരന്‍,വൈസ് പ്രസിഡണ്ട് സി.സി.അഷ്‌റഫ്, ട്രഷറര്‍ ബാബു വൈദ്യര്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ഇ.കെ.അനില്‍,ബിജു തോമസ്, എം.ജെ.സുനില്‍ കുമാര്‍, സ്പ്ലാഷ് 2025 കണ്‍വീനര്‍ വിഷ്ണു.എം.ദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.