കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തി. ഓണ്‍ലൈനിലാണ് മന്ത്രിയും ടി. സിദ്ദിഖ് എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ്,എ.ഡി.എം ഷാജു എന്‍.ഐ.ഡെപ്യൂട്ടി കളക്ടര്‍മാരായ വി.അബൂബക്കര്‍,കെ.അജീഷ്, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍,തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളില്‍ നിന്ന് മാറ്റിത്താമസിപ്പിച്ചവര്‍ക്ക് പ്രത്യേക കരുതല്‍, തകരായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കല്‍, റോഡ് കണക്റ്റിവിറ്റി തടസ്സങ്ങള്‍ നീക്കല്‍, അപകടരമായ മരങ്ങള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.