സ്‌കൂളുകളിലെ ദേശീയ നേട്ട സര്‍വേക്കുള്ള നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ ജില്ലയില്‍ നടത്തി. തെരഞ്ഞെടുക്കപ്പെട്ട 126 വിദ്യാലയങ്ങളിലാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയ പ്രാതിനിത്യ സ്വഭാവത്തോടെ സംഘടിപ്പിക്കുന്ന വിപുലമായ വിദ്യാഭ്യാസ സര്‍വേയാണിത്.
സര്‍വ്വേ ഗുണഫലം നോക്കിയാണ് വിദ്യാഭ്യാസ രംഗത്തെ നയരൂപീകരണവും, പഠനതന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും, ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ രൂപീകരിക്കുന്നത്. ഓരോ മൂന്ന് വര്‍ഷത്തിലുമാണ് സര്‍വേ നടത്തുന്നത്. അവസാനമായി സര്‍വേ നടത്തിയത് 2017-ലാണ്. കോവിഡ് സാഹചര്യം കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പഠന നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗുണപരമായ പുരോഗതി കൊണ്ടുവരുന്നതിനും സമഗ്രവും ആധികാരികവുമായ ഒരു ഡാറ്റാബേസ് നല്‍കാന്‍ NASലൂടെ കഴിയും. 3, 5, 8, 10 ക്ലാസ്സുകളിലെ കുട്ടികളിലാണ് ഈ സര്‍വ്വേ നടത്തിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 126 വിദ്യാലയങ്ങളിലാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചത്. സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ ഇടപെടലുകളും വിദ്യാഭ്യാസ പദ്ധതികളും തയ്യാറാക്കുന്നതെന്ന് വയനാട് ഡി.ഡി. ഇ.കെ. വി. ലീല പറഞ്ഞു.