അടുത്ത അധ്യയനവര്‍ഷം കാര്‍ഷിക കോളേജില്‍ പി.ജി കോഴ്സുകള്‍ ആരംഭിക്കും: മന്ത്രി പി. പ്രസാദ്

0

അടുത്ത അധ്യയനവര്‍ഷം അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ പി. ജി. കോഴ്സുകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വയനാടിന്റെ ഉത്സവമായ പൂപ്പൊലി ജനുവരി ഒന്നിനു തന്നെ ആരംഭിക്കും. കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുളള കൃഷിക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് വലിയ പ്രാധാന്യവും ആദരവും നല്‍കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കുളള പച്ചക്കറികളെങ്കിലും കൃഷിചെയ്യാന്‍ നാം ശീലിക്കണം. വിലകൊടുത്ത് വിഷം വാങ്ങുന്ന ശീലത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലും ഒരിടത്ത് ഒരു മൂല്യവര്‍ധിത ഉത്പന്നം എന്നരീതിയില്‍ പ്രാപ്തമാക്കും. വയനാടിന്റെ സ്വന്തം തിരുനെല്ലി തേന്‍ ലോകം മുഴുവന്‍ എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും. കാര്‍ഷിക ജില്ലയായ വയനാടിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ അടുത്തവര്‍ഷം മുതല്‍ത്തന്നെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാടിന്റെ ഉത്സവമായ പൂപ്പൊലി 2023 ജനുവരി ഒന്നിനാരംഭിക്കുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.കാര്‍ഷിക കോളേജ് അക്കാദമിക് ബ്ലോക്ക് തറക്കല്ലിടല്‍, ഹേഡീസ് ഹോസ്റ്റല്‍, തേന്‍ സംസ്‌ക്കരണയൂണിറ്റ്, ശീതീകരണയൂണിറ്റ് തുടങ്ങി പത്തു പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഒ.ആര്‍. കേളു എം.എല്‍.എ., കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബു, രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, ഡോ. കെ. അജിത് കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!