തൃശൂര്‍ പാലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരുക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പ് ജീവനക്കാരന്‍ മരിച്ചു. ബത്തേരി ആര്‍ആര്‍ടി വെറ്ററിനറി ടീം അംഗമായ ഫോറസ്റ്റ് വാച്ചറും മുക്കം കാരമൂല സ്വദേശിയുമായി ഹുസൈന്‍ കല്‍പ്പൂര് (32) ആണ് മരിച്ചത്. ഈമാസം നാലിനാണ് പാലാപ്പള്ളിയില്‍വെച്ച് കാട്ടാനയെ തുരത്തുന്നതിനിടെ ഹൂസൈനുനേരെ ആക്രമണം ഉണ്ടായത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ പത്ത് വര്‍ഷമായി വനംവകുപ്പില്‍ ജീവനക്കാരനാണ് ഹുസൈന്‍.ഹുസൈന്റെ മരണത്തോടെ വനംവകുപ്പിന് നഷ്ടമായത് വന്യമൃഗ പതിരോധരംഗത്തെ സമര്‍ത്ഥനായ ജീവനക്കാരനെയാണ്.കാട്ടാനയെ തുരത്തുന്നതിന്നിടെ ഈ മാസം നാലിനാണ് ഹുസൈനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചഭക്ഷണംകഴിക്കുന്നതിന്നിടെ വീണ്ടും ആനയിറങ്ങിയതറിഞ്ഞ് മറ്റൊരു ജീവനക്കാരനൊപ്പം നോക്കാനായി പോയതായിരുന്നു ഹുസൈന്‍. ഈ സമയം ജനങ്ങള്‍ക്കുനേരെ പാഞ്ഞടുത്ത കാട്ടാനയുടെ ശ്രദ്ധമാറ്റിവിടുന്നതിനിടെ കാട്ടാന ഇരുവര്‍ക്കുനേരെയും തിരിയുകയായിരുന്നു. രക്ഷാപെടാനുള്ള ശ്രമത്തിനിടെ പുറകെ ഓടിയെത്തിയ കാട്ടാന തുമ്പികൈകൊണ്ട് ഹുസൈനെ അടിക്കുകയും പിന്നീട് നിലത്തുവീണഇദ്ദേഹത്തെ കാലൂകൊണ്ട് തട്ടുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആക്രമണത്തില്‍ ഹുസൈന്റെ വാരിയെല്ലുകള്‍ പൊട്ടി. ഗുരതര പരുക്കേറ്റ ഹുസൈനെ ഉടനെ തൃശൂരിലെ ആശുപത്രിയിലും പിന്നീടെ ഇന്നലെ വൈകിട്ട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗം വനംവകുപ്പിനും വന്യമൃഗ ശല്യം നേരിടുന്ന പ്രദേശവാസികള്‍ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാട്ടാന, കടുവ, പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി ഭീതി പരത്തുമ്പോള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും വനംവകുപ്പിന്റെ പ്രതിരോധ രംഗത്തെ മുഖമായിരുന്നു ഹുസൈന്‍.