സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്രിസ്തുമസ് ന്യൂ-ഇയര്‍ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശമിറക്കിയേക്കും. ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പിള്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.രോഗവ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളിലെ നിലവിലുള്ള പരിശോധന സംവിധാനങ്ങളില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.
സംസ്ഥാനത്ത് ഇന്നലെ അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയര്‍ന്നു. അതേസമയം തമിഴ്നാട്ടില്‍ കേസുകള്‍ ഉയരുന്നതും ആശങ്കയാകുന്നുണ്ട്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയവരുടെ എണ്ണം വര്‍ധിക്കുകയാണ്.
തമിഴ്നാട്ടില്‍ കഴിഞ്ഞദിവസം മാത്രം 33 പേര്‍ക്ക് രോഗം കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 34 പേര്‍ക്കാണ് കൊവിഡ് വകഭേദം കണ്ടെത്തിയത്. മൂന്നുപേര്‍ ആശുപത്രി വിട്ടു.കൂടുതല്‍ പരിശോധനകളും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്‌മണ്യന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ യോഗം ചേരും.