കര്‍ഷകരുടെ വരുമാനവര്‍ധന ഉറപ്പാക്കുന്നതിന് മൂല്യവര്‍ധിത കൃഷി മിഷന്‍ (വാല്യു ആഡഡ് അഗ്രികള്‍ചര്‍ മിഷന്‍ വാം) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് വരുമാനം ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇതിനായി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യയും വിപണനശൃംഖല വികസിപ്പിച്ചെടുക്കാന്‍ സാമ്പത്തിക സഹായവും ലഭ്യമാക്കും. അവസരങ്ങള്‍, വിപണി, സാങ്കേതിക വശങ്ങള്‍ എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകള്‍ കണ്ടെത്തി മൂല്യവര്‍ധിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഗുണനിലവാര നിയന്ത്രണം, ബ്രാന്‍ഡിങ്, ലേബലിങ് തുടങ്ങിയവ ഉറപ്പാക്കും. യന്ത്രവല്‍കൃത വികസനം, വിള ഇന്‍ഷുറന്‍സ്, സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയവയും ശ്രദ്ധിക്കും.
‘വാം’ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാര്‍ ഉപാധ്യക്ഷന്‍ന്മാരായും, ധനകാര്യ, തദ്ദേശഭരണ, സഹകരണ, ജലവിഭവ, മൃഗസംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായുള്ള ഗവേണിങ് ബോഡി രൂപീകരിക്കും. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോഓര്‍ഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാക്കും.