കല്‍പ്പറ്റ നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പ്ലസ് പദവി

0

 

സംസ്ഥാനത്തെ ആദ്യത്തെ ഒ.ഡി.എഫ് പ്ലസ് പ്ലസ് പദവി നേട്ടത്തില്‍ കല്‍പ്പറ്റ നഗരസഭ. ഖരദ്രവ മാലിന്യ സംസ്‌ക്കരണത്തിലുളള മികച്ച പ്രവര്‍ത്തനങ്ങളാണ് നഗരസഭയെ നേട്ടത്തിന് അര്‍ഹമാക്കിയത്. ഒ.ഡി.എഫ് പ്ലസ് പ്ലസ് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെയും ഏക നഗരസഭയുമാണ് കല്‍പ്പറ്റ. സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) പ്രവര്‍ത്തനങ്ങളുടെ നിലവാര വിലയിരുത്തലിലാണ് നഗരസഭ ഒന്നാമതായത്.

കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഏജന്‍സിയുടെ നേരിട്ടുള്ള വിലയിരുത്തലും സമയബന്ധിതമായി സ്വച്ഛ് ഭാരത് മിഷന്‍ പോര്‍ട്ടലില്‍ നല്‍കുന്ന വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് പദവി നിശ്ചയിക്കുന്നത്. മാലിന്യസംസ്‌ക്കരണ രംഗത്ത് നഗരസഭകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്ഥാപനതലത്തിലും ഗാര്‍ഹിക തലത്തിലും അഭിപ്രായ സര്‍വ്വേ നടത്തുകയും ഖര-ദ്രവ- കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിന് ലഭ്യമാക്കിയിട്ടുള്ള വിവിധ ഉപാധികളുടെ പൂര്‍ണ്ണമായ വിവര ശേഖരണം സ്വച്ഛ് പോര്‍ട്ടലില്‍ നല്‍കുന്നതും പ്രാഥമികമായ മാനദണ്ഢങ്ങളാണ്. അതിനനുസൃതമായാണ് കേന്ദ്രസംഘം നേരിട്ടുള്ള പരിശോധന നടത്തുന്നതും പദവി നിശ്ചയിക്കുന്നതും.

ദ്രവമാലിന്യ പരിപാലനത്തിന് ഗാര്‍ഹിക തലത്തിലും കമ്മ്യൂണിറ്റി തലത്തിലും സോക്പിറ്റുകളും സംസ്‌ക്കരണ പ്ലാന്റുകളും സജ്ജമാക്കിയത് കല്‍പ്പറ്റ നഗരസഭയിലെ മാലിന്യസംസ്‌ക്കരണത്തിന്റെ മികച്ച മാതൃകയാണ്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭ യാവുക എന്ന ലക്ഷ്യത്തോടെ വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്ത് ഖര-ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റും നഗരസഭ സ്ഥാപിച്ചിരുന്നു. ജില്ലയിലെ ഏക കക്കൂസ് മാലിന്യ സംസ്‌ക്കരണ പ്ലാന്റാണിത്. യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്ലാന്റ് പ്രവര്‍ത്തി ക്കുന്നത്. ഇതോടൊപ്പം ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ തരംതിരിച്ച അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ശാസ്ത്രിയമായി സംസ്‌ക്കരിക്കുകയും ചെയ്യുന്നുണ്ട്.

മാലിന്യമുക്ത വയനാട് ജില്ല എന്ന ആശയത്തിനുളള അംഗീകാരമാണ് കല്‍പ്പറ്റ നഗരസഭയ്ക്ക് ലഭിച്ച് ഒ.ഡി.എഫ് പ്ലസ് പദവി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കുന്നത് ഒ.ഡി.എഫ് പ്ലസ് പദവി അനിവാര്യമാണെന്ന ഘടകവും കണക്കിലെടുത്താല്‍ വയനാട് ജില്ലക്ക് ലഭിച്ച മികച്ച നേട്ടമാണിതെന്നും ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെശ്രീലത പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!