സജന സജീവന്‍, മുംബൈ ഇന്ത്യന്‍സിന്റെ സിക്‌സര്‍ വുമണ്‍! വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളുടെ വിജയമോഹം തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വനിതകള്‍ 20-ാം ഓവറിലെ അവസാന പന്തില്‍ വിജയിച്ചപ്പോള്‍ സിക്‌സര്‍ ഫിനിഷിംഗുമായി ഹീറോയാവുകയായിരുന്നു മലയാളി താരം എസ് സജന.
താന്‍ നേരിട്ട ആദ്യ പന്തിലുള്ള സജന സജീവന്റെ കൂറ്റന്‍ സിക്‌സര്‍ വനിത പ്രീമിയര്‍ ലീഗ് പ്രേമികള്‍ക്ക് ആവേശമായി. മലയാളികള്‍ക്കാവട്ടെ എന്നെന്നും വനിത ക്രിക്കറ്റില്‍ ഓര്‍ത്തിരിക്കാനൊരു ഓര്‍മ്മയും.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ 172 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് വച്ചുനീട്ടിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അര്‍ധസെഞ്ചുറികളുമായി വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്യയും (45 പന്തില്‍ 47), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (34 പന്തില്‍ 55) പ്രതീക്ഷ നല്‍കിയ ശേഷം മടങ്ങിയതോടെ മുംബൈക്ക് ജയിക്കാന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നായി. ക്രീസിലേക്ക് എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട സജന സജീവന്‍. തീപ്പൊരി ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും അതുവരെ തകര്‍ത്ത് എറിഞ്ഞിരുന്ന അലീസ് ക്യാപ്‌സിയുടെ എല്ലാ ഹീറോയിസവും തല്ലിക്കെടുത്തി സ്റ്റെപ് ഔട്ട് ചെയ്ത സജന താന്‍ നേരിട്ട ആദ്യ പന്ത് ലോഗ് ഓണിന് മുകളിലൂടെ കൂറ്റന്‍ സിക്‌സറിന് പറത്തുകയായിരുന്നു. എം എസ് ധോണി സ്‌റ്റൈലില്‍ എസ് സജനയുടെ ആ ലാസ്റ്റ് ബോള്‍ സിക്‌സര്‍ ഫിനിഷിംഗ് കാണാം.
വനിത പ്രീമിയര്‍ ലീഗില്‍ മലയാളി താരം സജന സജീവന്റെ സിക്‌സര്‍ ഫിനിഷിംഗില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ നാല് വിക്കറ്റിന്റെ ത്രില്ലര്‍ ജയം ഉദ്ഘാടന മത്സരത്തില്‍ നേടുകയായിരുന്നു. എസ് സജന (1 പന്തില്‍ 6*) റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈക്കായി ഫിഫ്റ്റി നേടിയ ഹര്‍മന്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കായി 53 പന്തില്‍ 75 റണ്‍സെടുത്ത അലീസ് ക്യാപ്‌സിയുടെ ബാറ്റിംഗ് വെടിക്കെട്ട് പാഴായി.