കഴിഞ്ഞ ദിവസം വൈകുന്നേരം മീനങ്ങാടി കോലമ്പറ്റ അംഗനവാടിക്ക് സമീപം പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മഞ്ഞപ്പാറ സ്വദേശിയും മീനങ്ങാടി കോലമ്പറ്റ കൊറളമ്പം ദീപയുടെ ഭര്‍ത്താവുമായ സുധീഷ് (33) ആണ് മരണപ്പെട്ടത്. ഭാര്യവീട്ടില്‍ കഴിഞ്ഞിരുന്ന സുധീഷ് ഭാര്യയുമായുള്ള പിണക്കത്തെ തുടര്‍ന്ന് മാസങ്ങളായി മാറിതാമസിക്കുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മീന്‍ പിടിക്കാനെത്തിയ കുട്ടികള്‍ പുഴയില്‍ കൈത ഓലകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. രാത്രി 7.15 ഓടെ കല്‍പ്പറ്റ ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
4 ദിവസം പഴക്കമുണ്ട് മൃതദേഹത്തിനെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു.പ്രധാന റോഡില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് മൃതദേഹം കിടന്നിരുന്നത്. വാഹനം എത്താത്ത പ്രദേശത്ത് കാട് നിറഞ്ഞ ചളി നിറഞ്ഞ ഭാഗങ്ങളിലൂടെ കാല്‍നടയായാണ് മീനങ്ങാടി പോലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് 8.45 ഓടെ മൃതദേഹം റോഡിലേക്കെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് രാത്രി തന്നെ മാറ്റി. പ്രദേശത്ത് നടന്ന അന്വേഷണത്തിലാണ് സുധീഷിനെ 4 ദിവസമായി കാണുന്നില്ലെന്ന വിവരമറിഞ്ഞത്.ബന്ധുക്കള്‍ മൃതദേഹം സുധീഷിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.