സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾക്ക് ടൈറ്റിൽ ഇൻഷുറൻസ് എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ആക്ടിന്റെ പതിനാറാം സെക്ഷൻ പ്രകാരമാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നത്. സർക്കാർ അനുശാസിക്കുന്ന എല്ലാ ഇൻഷുറൻസുകളും കെട്ടിട നിർമാതാക്കൾ എടുക്കണം. ഓരോ പ്രൊമോട്ടറും ഭൂമിയുടെ പട്ടയവും കെട്ടിടങ്ങളും അവിടെ നടക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ നിർമ്മാണവും ഇൻഷ്വർ ചെയ്യാൻ ബാധ്യസ്ഥനാണെന്നും മന്ത്രി വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ഭാഗമായ ഭൂമിയുടെയും കെട്ടിടത്തിന്റെയും പട്ടയത്തിന്റെയും ഇൻഷുറൻസ് പരിരക്ഷ തുടക്കം മുതലേ നിർമാതാക്കൾ ഉറപ്പുവരുത്തണം. ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രീമിയവും മറ്റ് ചാർജ്ജുകളും അടയ്ക്കാൻ പ്രോമോട്ടർ ബാധ്യസ്ഥനാണ്. പ്രോജക്ടുകളുടെ ഭാഗമായ കെട്ടിടങ്ങൾ വാങ്ങിക്കുന്നവർക്ക് ഇൻഷുറൻസ് രേഖകൾ മുൻകൂട്ടി കൈമാറണം. താമസക്കാരുടെ അസോസിയേഷനും ഇൻഷുറൻസ് രേഖകൾ ലഭ്യമാക്കണം. കെട്ടിട നിർമാതാക്കളോട് വിൽപ്പന കരാറിൽ ഏർപ്പെടുന്ന സമയത്ത് തന്നെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന രേഖകൾ വാങ്ങുന്നയാളിന് ലഭ്യമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായാലോ, വ്യക്തമായ ഉടമസ്ഥാവകാശ രേഖകൾ ഇല്ലാത്ത സാഹചര്യത്തിലോ വാങ്ങിച്ചവരുടെ നിക്ഷേപം സംരക്ഷിക്കുന്നതിന് നിയമത്തിൽ നിർവചിച്ചിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷ അനിവാര്യമാണ്. ഇൻഷുറൻസ് എടുക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് നിയമസാധുത ഉണ്ടാവില്ലെന്നും അത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.