സിദ്ധാര്‍ത്ഥന്‍ നേരിട്ടത് അതിക്രൂരപീഡനങ്ങള്‍: ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്

0

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചെന്നും സര്‍വകലാശാലയില്‍ നടന്നത് പരസ്യവിചാരണയെന്നും ക്രൂര പീഡനവുമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 97 പേരുടെ മൊഴിയെടുത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് യുജിസിക്ക് കൈമാറി.

സര്‍വകലാശാലയില്‍ പരസ്യവിചാരണ നടന്നുവെന്നും 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് യുജിസിക്ക് കൈമാറിയത്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌കോഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഖ്യപ്രതി സിഞ്ചോയാണ് കൂടുതല്‍ ക്രൂരമായി മര്‍ദിച്ചതെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ചു സിദ്ധാര്‍ത്ഥന നടത്തിച്ചെന്നും യുജിസിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചതിലും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിലും പങ്കുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഭി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായരുടെ എണ്ണം 20 ആയി. കേസില്‍ മുഖ്യപ്രതികളെന്ന് പൊലീസ് കണ്ടെത്തിയ സിന്‍ജോ ജോണ്‍സണ്‍, ആര്‍ എസ് കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി, കെ അരുണ്‍, അമല്‍ ഇഹ്‌സാന്‍ എന്നിവരെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അറസ്റ്റിലായ 18 പ്രതികളുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ മര്‍ദന ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നറിയിച്ച പൊലീസ്, കൊലപാതക സാധ്യത എന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!