2025-26 അധ്യയന വര്‍ഷം ജൂണ്‍ 2 ന് തുടങ്ങാനിരിക്കെ ജില്ലയില്‍ മുന്നൊരുക്ക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ സുരക്ഷ, സ്‌കൂളിന്റെ സുരക്ഷ, പരിസര ശുചീകരണം, ഉച്ച ഭക്ഷണം, യാത്ര സുരക്ഷ, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സമഗ്ര വിദ്യാഭ്യാസ ഗുണമേന്മയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അധ്യാപകര്‍, ജനപ്രതിനിധികള്‍, എന്നിവർ അടങ്ങിയ വിദ്യാലയ സമിതി രൂപീകരിക്കുകയും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് സന്ദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്‌കൂളുകളിലും തല്‍സമയം സ്‌ക്രീനിൽ പ്രദര്‍ശിപ്പിക്കണമെന്നും അതിനുശേഷമാണ് സ്‌കൂള്‍തല, ജില്ലാതല പ്രവേശനോത്സവം നടത്തേണ്ടതെന്നും സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്.
സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ മെയ് 27 ന് മുന്‍പായി പൂർത്തീകരിക്കണം. സ്‌കൂള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി സൂക്ഷിക്കണം. കുട്ടികളുടെ സുരക്ഷക്കായി സ്‌കൂളുകളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഉറപ്പാക്കാനും സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ കൃത്യമായി പരിശോധന നടത്തി നിരോധിച്ച വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി ജനജാഗ്രത സമിതി രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ ബസില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടുകയും വേണം.
പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിന് ആവിഷ്‌കരിച്ച ‘വിദ്യാവാഹിനി’ പദ്ധതി സ്‌കൂള്‍ തുറക്കുന്നത് മുതല്‍ സജീവമാക്കണമെന്നും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാഠപുസ്തക വിതരണം പൂര്‍ത്തിയാകാത്ത സ്‌കൂളുകളിൽ സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ പുസ്തക വിതരണം പൂര്‍ത്തീകരിക്കണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ മാസം 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വിദ്യാലയവും പരിസരവും ശുചീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റെസിഡന്റ്സ് അസോസിസേഷന്‍, അധ്യാപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകളുമായി ചേര്‍ന്ന് നടപ്പിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.