വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന ഓണാഘോഷം ഇന്ന് സമാപിക്കും. മാനന്തവാടി , കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം കല്‍പ്പറ്റയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ചടങ്ങില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.സലീം അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ഡി.ടി.പി.സി മാനേജര്‍ രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കല്‍പ്പറ്റയില്‍ നടന്നത്. കണിയാമ്പറ്റ തിങ്കവന്ത ഗ്രൂപ്പ് അവതരിപ്പിച്ച ആദിവാസി കലാരൂപങ്ങളുടെ അവതരണത്തോടെയാണ് സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായത്.അന്യം നിന്ന് പോകുന്ന ആചാര അനുഷ്ഠാനങ്ങളെ കോര്‍ത്തിണക്കി
ഒന്‍പതോളം കലാകാരന്‍മാര്‍ അണിനിരന്ന കലാവിരുന്ന് അരങ്ങില്‍ വേറിട്ടതായി.നാടന്‍ ഭാഷാപ്പാട്ട്, മംഗലംകളി, തെയ്യം, വട്ടക്കളി, കമ്പള നാട്ടി,ഫോക് ഡാന്‍സ് എന്നിങ്ങനെ തിങ്കവന്ത അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങള്‍ കലാ ആസ്വാദകര്‍ക്ക് പുത്തന്‍ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. തിങ്കവന്തയുടെ അവതരണത്തിന് ശേഷം അനുശ്രീ കലാ സംഘം അവതരിപ്പിച്ച ഗാനമേളയുംസംഗീത ആസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. കല്‍പറ്റയിലെ ആഘോഷ പരിപാടികളുടെ രണ്ടാം ദിനമായ ഇന്ന് കോഴിക്കോട് മാധ്യമലബാര്‍ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളിയും, ടി. പി വിവേകിന്റെ ഹൃദയഗീതും നടക്കും.