മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എൻസിപി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണെന്നും എൻസിപിയിൽ ചേരുന്നതിൽ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. അധികാരസ്ഥാനങ്ങൾ മോഹിച്ചല്ല പോകുന്നത്. രാഷ്ട്രീയത്തിൽ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എൻസിപിയിലേക്ക് പോകുന്നത്.
വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നത് നേട്ടമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണണം. വി.എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജിവച്ച് ഒഴിയേണ്ടി വന്നത് ഗ്രൂപ്പുകളുടെ സമ്മർദം കൊണ്ടാണെന്ന് മറക്കരുതെന്നും ലതിക സുഭാഷ് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തത് വിവാദമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.