കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും 5 ന് അകം തന്നെ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പു നല്‍കാതെ ഗതാഗത മന്ത്രി. മറ്റെന്തു വിഷയത്തിലും വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും ജോലി ചെയ്തിട്ടു കൂലി തരാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ സമരം മാത്രമാണു മറുപടിയെന്നും ചര്‍ച്ചയ്ക്കു ശേഷം ടിഡിഎഫും ബിഎംഎസും അറിയിച്ചു.
മേയ് 5നു രാത്രിക്കു മുന്‍പു ശമ്പളം തന്നില്ലെങ്കില്‍ 6 ന് പണിമുടക്കുമെന്ന് ഇരുസംഘടനകളും അറിയിച്ചു. യൂണിയനുകളുമായി വെവ്വേറെയാണു മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയത്. ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെ സിഐടിയുവിന്റെ പ്രതിനിധികളും ശമ്പള കാര്യത്തില്‍ വീഴ്ച വരുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്നു മന്ത്രിയോടു പറഞ്ഞു.
ശമ്പളക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്നു മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സഹായം തുടരുമെന്നും എത്ര കോടി രൂപ നല്‍കുമെന്നു ധനമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അറിയിച്ചു. പണിമുടക്കിലേക്കു പോയി കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേക്കു തള്ളിവിടരുത്. കെസ്വിഫ്റ്റിന്റെ വരുമാനം കെഎസ്ആര്‍ടിസിക്കു തന്നെയാണു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.