ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.