അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്ക് 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കും: – മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

0

സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണം- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീട്ടില്‍ അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കുക. കുടുംബശ്രീയും ഓക്‌സിലറി ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ 53 ലക്ഷം പേര്‍ക്ക് കേരളത്തില്‍ ജോലി വേണം. പ്ലസ് ടു പാസായതും 59 വയസ്സില്‍ താഴെയുള്ളവരുമാണ് ഇവര്‍. ഏകദേശം 29 ലക്ഷം പേര്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വരാണ്. ഇവര്‍ക്കെല്ലാം ജോലി കൊടുക്കാനുള്ള തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ച് അവരവരുടെ താല്‍പര്യങ്ങളും യോഗ്യതകളും മനസ്സിലാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡാറ്റ അനലൈസ് ചെയ്തു സൂക്ഷിക്കും. ഒക്ടോബര്‍ മാസത്തോടെ ഒരു പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കി ലോകത്താകമാനമുള്ള 3000 ത്തോളം കേന്ദ്രങ്ങളിലെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈലിലൂടെ തന്നെ തൊഴില്‍ സാധ്യതകള്‍ മനസിലാക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കണം. തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി ബ്രിട്ടീഷ് കൗണ്‍സിലുമായി കരാര്‍ വച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്‌കില്‍ വേണ്ടവര്‍ക്ക് അതിനു അനുയോജ്യമായ പരിശീലനം നല്‍കും. അഭിമുഖങ്ങളെ എങ്ങനെ നേരിടാം എന്നതിലും പരിശീലനം നല്‍കും.

അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ചേര്‍ത്ത് നിര്‍ത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ഉള്ളത് കേരളത്തിലാണ്. ആയിരം പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന സംരംഭങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തയ്യാറെടുക്കണം. സ്വകാര്യ സംവിധാനത്തെയും ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാം. പാവപ്പെട്ടവരും ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ടി സിദ്ധീഖ് എം.എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്,
കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ. അജിത, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. ജെ ഐസക് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജൈന ജോയ്, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സരോജനി ഓടമ്പത്ത്, വിദ്യഭ്യാസ കലാ കായിക കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, എ.ഡി.എം എന്‍.ഐ ഷാജു, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നഗരസഭ ശുചിത്വ അംബാസിഡര്‍ അബു സലീം, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കല്‍പ്പറ്റ നഗരസഭാ അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ വി.ജി ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സത്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ ക്ലീന്‍ കല്‍പ്പറ്റയുടെ ഭാഗമായി നഗര ക്ലീന്‍ ഡ്രൈവില്‍ പങ്കെടുത്ത സന്നദ്ധ സംഘടനകളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു. എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ദേശീയ പതാക മന്ത്രിക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!