ബത്തേരി മന്തണ്ടിക്കുന്നില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണാഭരണങ്ങളും 43000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മായനാട് താഴേ ചെപ്പങ്ങാതോട്ടത്തില്‍ സാലൂ മുഹമ്മദ് എന്ന ബുള്ളറ്റ് സാലു(38) ആണ് പിടിയിലായത്. ഈമാസം ആദ്യമാണ് മന്തണ്ടിക്കുന്ന് ശ്രീഷ്മം നിവാസില്‍ ശിവദാസിന്റെ വീട്ടില്‍ ഇയാള്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ലോറിയില്‍ വരുമ്പോള്‍ ചുണ്ടയില്‍ വെച്ചാണ് ജില്ലാപോലീസ് മേധാവിയുടെ കീഴിലുള്ള സ്‌ക്വാഡും, ബത്തേരി ഡിവൈഎസ്പിയുടെ കീഴില്‍ രൂപീകരിച്ച സ്‌ക്വാഡും ചേര്‍ന്ന് ഇയാളെ കഴിഞ്ഞദിവസം പിടികൂടിയത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കകം പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്.