ക്ലീന്‍ കല്‍പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയാകാനുള്ള കല്‍പ്പറ്റയുടെ ശ്രമങ്ങള്‍ക്ക് വേഗതയേറി. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ എ. ഗീത, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കെ.എംതൊടി മുജീബ്, അബുസലിം, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്കില്‍ ആധുനിക യന്ത്രോപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്താണ് ഖര-ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പ്പറ്റ മുനിസിപ്പാലിറ്റി മാറും. 15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലുമില്ല. 1 കോടി 28 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. തുടര്‍ പ്രവര്‍ത്തനത്തിനായി 87 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.