ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വര്‍ഷം

0

ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് സ്‌ഫോടനം നടത്തിയത് .ഒരു നിമിഷാര്‍ദ്ധം കൊണ്ട് സര്‍വ്വം ചാമ്പലായ അണുബോംബ് സ്‌ഫോടനം. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ 13 29 ബോംബര്‍ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയില്‍ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി.ഒറ്റയടിക്ക് 50000ത്തില്‍ അധികം ആളുകള്‍ക്ക് ജീവഹാനി 37,000 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്‌ഫോടനത്തിന്റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി ദുരന്തം മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ നാഗസാക്കിയേയും ചുട്ടെരിച്ചു, അമേരിക്കന്‍ സൈനിക ശക്തി.ചരിത്രത്തിലാദ്യമായി ആയി മനുഷ്യനെ ലക്ഷ്യംവെച്ച് ആക്രമണം നടന്നത് ഹിരോഷിമയില്‍ ആണ്. മനുഷ്യരാശി ഇനിയൊരിക്കലും അനുഭവിക്കരുതെന്ന് ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തം ഇന്നും ചരിത്രത്തിലെ കറുത്ത ദിനം ആയി തന്നെ തുടരും.77 വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിരോഷിമ ജപ്പാന്റെ മാത്രം നടുക്കമല്ല ലോകത്തിന്റെ മുഴുവന്‍ വിങ്ങലാണ്.
ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്‌കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ അതിലെ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നത്.പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കിയതോടെയും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെയും ജര്‍മ്മനി മെയ് 8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയില്‍ ഓഗസ്റ്റ് 6 നും നാഗസാക്കിയില്‍ ഓഗസ്റ്റ് 9 നും അമേരിക്കന്‍ വിമാനങ്ങള്‍ ആറ്റം ബോംബുകള്‍ വര്‍ഷിച്ചു. കൂടുതല്‍ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാന്‍ ഓഗസ്റ്റ് 15ന് കീഴടങ്ങി.1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറല്‍ പോള്‍ടിബ്റ്റ്സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി-29 ബോംബര്‍ വിമാനമായ എനോള ഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റില്‍ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ഈ ബോംബിന് 12,500 ടണ്‍ ടി.എന്‍.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

ഹിരോഷിമയില്‍ സര്‍വനാശം ആദ്യമായി റിപ്പോര്‍ട്ടുചെയ്ത പത്രപ്രവര്‍ത്തകന്‍

സാതോഷി നാകാമുറ. വയസ്സ് 37. ഹിരോഷിമയില്‍ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹം ബോംബുവീണതിന്റെ തലേന്ന് തന്റെ ഒരു സ്‌നേഹിതയെക്കാണാനായി പട്ടണത്തില്‍ നിന്നും സൈക്കിള്‍ ചവിട്ടി, അല്പം ദൂരെ ഒരിടത്തുപോയിരിക്കയായിരുന്നു. സന്ദര്‍ശനം പതിവിലും നീണ്ടപ്പോള്‍ അന്ന് രാത്രി സ്‌നേഹിതയോടൊപ്പം ചെലവിടാന്‍ സാതോഷി തീരുമാനിച്ചു. പിറ്റേന്ന് രാവിലെ ഹിരോഷിമയില്‍ ബോംബുവീണു. അതിന്റെ പ്രകമ്പനങ്ങള്‍ അദ്ദേഹം കഴിഞ്ഞിരുന്നിടത്തേക്കും എത്തി. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന സതോഷി സ്ഫോടനത്തിന്റെ ആഘാതത്തില്‍ നിലത്തുമറിഞ്ഞുവീണുപോയി. സ്വബോധം തിരിച്ചുകിട്ടിയ ഉടനെ അദ്ദേഹം തന്റെ സൈക്കിളില്‍ ഹിരോഷിമ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. കയ്യില്‍ ഒരു നോട്ടുപുസ്തകവുമായി അദ്ദേഹം തകര്‍ന്നടിഞ്ഞ ഹിരോഷിമാ നഗരത്തിലൂടെ നടന്നു. അദ്ദേഹത്തിന്റെ വീട് ബോംബിങ്ങില്‍ തകര്‍ന്നുപോയിരുന്നു. അദ്ദേഹം നേരെ ഹാരയിലേക്ക് പോയി. അവിടെയാണ് പ്രദേശത്തെ ഏക ട്രാന്‍സ്മിറ്റര്‍ ഉണ്ടായിരുന്നത്. അവിടെനിന്നും അദ്ദേഹം ജപ്പാനിലെ ഔദ്യോഗിക പത്രമായ ഡോമൈയുടെ ഒകായാമ ഓഫീസിലേക്ക്, പില്‍ക്കാലത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ‘ഇപ്പോള്‍ സമയം 8.16 ഇന്നുരാവിലെ ഹിരോഷിമയ്ക്കു മുകളിലൂടെ പറന്നുവന്ന ഒന്നോ രണ്ടോ വിമാനങ്ങള്‍ ഒരു ‘സ്‌പെഷ്യല്‍’ ബോംബിട്ടു. ഹിരോഷിമ പൂര്‍ണ്ണമായും തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. ഉദ്ദേശം 1,70,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.’
ഹിരോഷിമയില്‍ ബോംബിട്ടതിനു പിന്നാലെ ജപ്പാന്‍ കീഴടങ്ങുമെന്നാണ് സഖ്യകക്ഷികള്‍ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. അതോടെ രണ്ടാമതും ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കാന്‍ തീരുമാനമായി. ദിവസങ്ങളുടെ ഇളവേളയില്‍ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ ഒന്‍പത് മണിക്കാണ് നാഗസാക്കിയില്‍ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം.
വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്റെ വിമാനവേധ തോക്കുകള്‍ ഗര്‍ജിക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു. കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി. യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.ഹിരോഷിമ ജപ്പാന്റെ മാത്രം ഓര്‍മയല്ല, ലോകത്തിന്റെ മുഴുവന്‍ ഓര്‍മയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!