വയനാട് ജില്ലയിലെ കരുത്തുറ്റ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയ്ക്ക് വയനാടിന്റെ ഹൃദ്യമായ യാത്രയയപ്പ്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റം ലഭിച്ച രേണുകയ്ക്ക് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭരണകൂടം യാത്രയയപ്പ് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ എ.ഗീത, സബ്കലക്ടർ ആർ ശ്രീലക്ഷ്മി, എ ഡി എം എൻ.ഐ ഷാജു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിൻ്റെ മെമൻ്റോ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ കലക്ടറും ചേർന്ന് സമ്മാനിച്ചു.
2018 മേയ് 31 മുതലാണ് ഡോ.രേണുക വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേല്‍ക്കുന്നത്. 1999 ല്‍ പാണ്ടിക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി സര്‍വീസില്‍ പ്രവേശപ്പിച്ച രേണുക മലപ്പുറത്ത് അഞ്ച് വര്‍ഷം ഡെപ്യൂട്ടി ഡി.എം.ഒ യായും ആര്‍.സി.എച്ച് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പറം കീഴാറ്റൂർ സ്വദേശിനിയാണ്.
പതിനെട്ട് ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗങ്ങളും കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള വയനാട്ടില്‍ കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം ദേശീയ തലത്തിലടക്കം പ്രശംസ നേടിയിരുന്നു. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനത്തിലേക്കുള്ള അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ കോവിഡ് ആദ്യഘട്ടം മുതല്‍ കനത്ത ജാഗ്രതയിലായിരുന്നു. ആദിവാസി കോളനികളെയും രോഗ പ്രതിരോധത്തിന്റെ വലയത്തിലാക്കിയിരുന്നു.
ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ആദ്യം മുതലെയുള്ള നിതാന്തമായ ജാഗ്രതയും കരുതലുമാണ് കോവിഡ് 19 എന്ന മഹാമാരിയെ ജില്ലയില്‍ കടിഞ്ഞാണിട്ടത്. ആരോഗ്യവകുപ്പിന്റെ ഏകീകരണത്തില്‍ മികച്ച രീതിയില്‍ കോവിഡ് രോഗത്തെ നേരിടുന്നതിന് ജില്ലയെ സജ്ജമാക്കാന്‍ ഡി.എം.ഒ ആര്‍.രേണുകയുടെ നേതൃത്വത്തിന് കഴിഞ്ഞു.
വാക്സിനേഷൻ രംഗത്തും ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ചതിൽ രേണുകയുടെ കഠിനാധ്വാനമുണ്ട്. പിന്നിട്ട രണ്ടു പ്രളയകാലത്തെയും ക്യാമ്പുകളൊരുക്കി ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെയും മറികടക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞിരുന്നു.
പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. കെ. സക്കീന ഇന്നലെ (ചൊവ്വ) ചുമതലയേറ്റു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയിരുന്നു.