രാമായണ മാസം

0

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം.തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. രാമായണമാസം കൂടിയാണ് കര്‍ക്കിടകം. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാന്‍ രാമകഥകള്‍ പെയ്യുന്ന കര്‍ക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ രാഗ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം. ഇനിയുള്ള നാളുകള്‍ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ജീവിതത്തെ ധന്യമാക്കട്ടെ.

രാമായണം പോലൊരു കൃതി എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. കാട്ടാളത്തത്തില്‍ നിന്ന് വാത്മീകത്തിലേക്കള്ള മാറ്റം എത്തിനില്‍ക്കുന്നത് രാമായണകഥയിലാണ്. ക്രൗംച മിഥുനങ്ങളിലൊന്നിന്റെ വേര്‍പാടും മാനസിക ആഘാതവും സൃഷ്ടിച്ച ശോകം ശ്ലോകങ്ങളായി പരിണമിക്കുകയായിരുന്നു. മാതൃകാ പുരുഷനായാണ് രാമനെ വാത്മീകി അവതരിപ്പിച്ചിരിക്കുന്നത്. പിതൃ- പുത്ര ബന്ധം, ഭാര്യാ- ഭര്‍തൃ ബന്ധം, സോദരബന്ധം, രാജാ-പ്രജാ ബന്ധം എന്നിങ്ങനെ പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളുടെ തെളിമയാണ് രാമായണം. കാളിദാസന്‍ മുതല്‍ക്കിങ്ങോട്ട് ഒട്ടേറെ മഹാകവികള്‍ക്കും എഴുത്തുകാര്‍ക്കും രാമായണകഥ വീണ്ടും പറയാനുള്ള പ്രചോദനമായി മാറിയതും വാത്മീകി രാമായണത്തിന്റെ സാഹിത്യമൂല്യവും സാമൂഹ്യപ്രസക്തിയും കൊണ്ടാണ്. രാമായണ കഥയുടെ കര്‍ത്താവ് ഇന്ന് വാത്മീകി മാത്രമല്ല. നൂറ്റാണ്ടുകള്‍ക്കിപ്പുറം രാമായണം ഒട്ടേറെ പേര്‍ എഴുതിക്കഴിഞ്ഞിരിക്കുന്നതിനു കാരണവും രാമായണത്തിന്റെ മൂല്യത്തെ അടിവരയിടുന്നു.രാമായണം കേവലമൊരു കഥയല്ല. മനുഷ്യനെന്ന നിലയില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന്കൊണ്ടുതന്നെ ജീവിതം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് വെവ്വേറെ ജീവിത ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യന് ആദികാവ്യം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. രാമായണം ജീവിതത്തെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരോ മനുഷ്യനും വെവ്വേറെ ജീവിതരീതിയിലൂടെയുള്ള ധര്‍മ്മ പരിപാലന മാര്‍ഗങ്ങളുണ്ട്. ശരിയായ ധര്‍മ്മപരിപാലനത്തിനിടയിലെ വിഘ്നങ്ങള്‍ സ്വാഭാവികമാണെന്നും ആത്യന്തികമായ വിജയം ധര്‍മ്മ പരിപാലനത്തിനാണെന്നുമാണ് രാമായണം ഉദ്ഘോഷിക്കുന്നത്. സാഹിത്യം ജീവനു വേണ്ടിയാകുന്നത് ഇവിടെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!