സ്മൈല്‍ പ്ലീസ്! ഇന്ന് ലോക ചിരിദിനം
എത്ര സമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാല്‍ അത് ഒരുപാട് ആശ്വസം നല്‍കാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഗുണങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം മേയ് 7, അതായത് ഇന്നാണ് ചിരിക്കായി മാറ്റിവച്ചിരിക്കുന്ന ദിവസം. ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും കരുത്തുള്ളതാക്കും. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുഖത്തെ പേശികള്‍ക്ക് വ്യായാമം നല്‍കാനും ചിരി നല്ലതാണ്.ചിരിക്കുമ്പോള്‍ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോസിറ്റീവ് മനോഭാവം ആര്‍ജ്ജിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചിരിക്കുന്നത് സഹായിക്കും. ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവികളില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്. ഇന്ന് മേയ് മാസത്തിലെ ആദ്യ ഞായര്‍. അതായത് ലോക ചിരി ദിനമായി ആചരിക്കുന്ന ദിനം. നമുക്കെല്ലാം മനസ്സു തുറന്നൊന്നു ചിരിക്കാനുള്ള ദിവസം. ഈ ദിവസം ചിരിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ചിരിക്കുക. കാരണം ചിരിക്കാനായി മാത്രം മാറ്റി വച്ചിരിക്കുന്ന ദിനമാണ് ഇന്നത്തേത്. നമ്മളില്‍ പലരും പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ ചിരിക്കാന്‍ മറന്നു പോയെന്ന് കരുതുന്നവര്‍ ഏറെയാണ്. പിരിമുറക്കങ്ങളുടെ ലോകത്ത് മനസ്സു നിറയെ സന്തോഷിച്ച്, പൊട്ടി ചിരിച്ച്, ലോകം ചിരിദിനം വിവിധ ഇടങ്ങളില്‍ ആഘോഷിക്കുന്നത് അത്തരം മറന്നു പോകലുകളെ മറികടക്കാന്‍ നമ്മളെ സഹായിക്കും. ചിരി ഒന്നിനും മരുന്നല്ല, പക്ഷെ ഒരു പുഞ്ചിരി കൊണ്ട് ഏതു പ്രശ്നത്തിനും പരിഹാരമുണ്ടെന്നത് ഒരു വലിയ സത്യമാണ്. ഈ ചിന്തയില്‍ നിന്നാണ് ലോക ചിരി ദിനത്തിന്റെയും പിറവി.നമ്മുടെ ഇന്ത്യയില്‍ നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചതെന്നതില്‍ നമുക്ക് അഭിമാനിക്കാം. 1995 ല്‍ മുംബൈയില്‍ നിന്നും ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ലോക വ്യാപകമായി ചിരിദിനമെന്ന ആശയത്തിന് തുടക്കം ഇട്ടത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ മൂവ്‌മെന്റ് തുടങ്ങിയത്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചിരിദിനമായി ആചരിക്കുന്നത്.ഇന്ന് ടെക്‌നോളജി യുഗത്തിലാണ് നാം ജീവിക്കുന്നത്. ആശയ വിനിമയത്തിന് ഫെയ്‌സ്ബുക്കും വാട്‌സാപ്പു മടക്കമുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഇന്ന് നമുക്കുണ്ട്. പഴയ കാലത്ത് പാടത്തും പറമ്പിലും മരച്ചുവടുകളിലും കളിയും ചിരിയും നിറഞ്ഞു നിന്നിരുന്ന സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്. അന്ന് എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. തമ്മില്‍ പരിചയമുള്ളവനും ഇല്ലാത്തവനും ചിരി സമ്മാനിക്കാന്‍ അന്നാര്‍ക്കും മടിയോ പിശുക്കോ ഉണ്ടായിരുന്നില്ല. ഇന്ന് ‘ഇ-കാലത്ത്’ ഫെയ്‌സ് ബുക്കിലെ ദിനംപ്രതി മാറുന്ന ചിത്രങ്ങള്‍ക്ക് പരസ്പരം ലൈക്കും കമന്റും കൊടുക്കുന്നവരും കിട്ടുന്നവരും ധാരാളമാണ്. പകലന്തിയോളം ചാറ്റി തീര്‍ക്കുന്ന ഒരുപാടു പേരുണ്ട്.പക്ഷേ മൊബൈലിലേക്ക് തലകുനിച്ച് നടക്കുമ്പോള്‍ തന്റെ അരികിലൂടെ പോകുന്ന അയല്‍ക്കാരന് ഒരു ചിരിയെങ്കിലും സമ്മാനിക്കാന്‍ പലരും മറന്നു പോകുന്നു. പരസ്പരം ചാറ്റുന്നവരും ലൈക്കിടുന്നവര്‍ പോലും തമ്മില്‍ കണ്ടാല്‍ തമ്മില്‍ ചിരിക്കാറില്ല എന്നത് സത്യമാണ്. ചിരിയെന്ന കൊടുത്താല്‍ കുറയാത്ത, കൊടുക്കും തോറും തിരിച്ചു കിട്ടുന്ന ഈ മഹാദ്ഭുതത്തെ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ. അതിനാല്‍ നമുക്ക് മനസ്സ് നിറഞ്ഞു ചിരിക്കാം തുടര്‍ന്നുള്ള ദിവസങ്ങളിലും.