ലതാ മങ്കേഷ്‌കറുടെ വേര്‍പാടിന് ഒരു വയസ്സ്

0

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വേര്‍പാടിന് ഒരു വയസ്സ്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുനല്‍കാന്‍ മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചാണ് ആ സര്‍ഗപ്രതിഭ കടന്നുപോയത്. നിലക്കാത്ത നാദധാരയായി നമ്മിലേക്ക് ഒഴുകിയെത്തിയ സംഗീതമായിരുന്നു ആ സ്വരം. ഓരോ കേള്‍വിയിലും ഇത്രയേറെ മാസ്മരികതയോടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ശബ്ദമാധുര്യം. മെലഡികളുടെ രാജ്ഞി, വോയ്സ് ഓഫ് ദ നേഷന്‍, വോയ്സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി. വിശേഷണങ്ങള്‍ക്കെല്ലാം അതീതം. സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഭാഷയോ കാലമോ ദേശമോ അതിര്‍വരമ്പായില്ല. ആ സ്വരധാരയില്‍ എല്ലാം മറന്ന് അലിഞ്ഞു ചേര്‍ന്നു നമ്മള്‍.1962ല്‍ ഇന്ത്യ- ചൈന യുദ്ധകാലത്ത് ആലപിച്ച യേ മേരെ വതന്‍ കേ ലോഗോം എന്ന ദേശഭക്തിഗാനം രാജ്യം ഏറ്റുപാടി. നൗഷാദ്, ശങ്കര്‍-ജയകിഷന്‍, എസ് ഡി ബര്‍മന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങി ആ ആര്‍ റഹ്‌മാന്‍ വരെയുള്ള പ്രമുഖസംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ലത ശബ്ദം പകര്‍ന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലില്‍ സലില്‍ ചൗധരിയുടെ സംഗീതസംവിധാനത്തില്‍ ലത പാടിയ കദളീ ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. മലയാളത്തില്‍ പാടിയ ഒരേയൊരു ഗാനവും അതാണ്. മന്നാ ഡേ കിഷോര്‍കുമാര്‍, മുഹമ്മദ് റഫി, മുകേഷ് തുടങ്ങി പ്രമുഖഗായകര്‍ക്കൊപ്പം ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്.മുപ്പത്തി അഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ പാട്ടുകള്‍. ഭാരതരത്നം, പത്മവിഭൂഷന്‍, പത്മഭൂഷന്‍, ദാദ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ,ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടം നേടി.1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത ജനിച്ചത്. ഗായിക ആഷാ ഭോസ്ലേയും മറ്റ് സഹോദരങ്ങളും സംഗീതലോകത്ത് പ്രശസ്തരായി.
അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെണ്‍കുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയര്‍ന്നതിനു പിന്നില്‍ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ഇത്രയേറെ മാസ്മരികതയോടെ കാലമെത്ര കഴിഞ്ഞാലും മറക്കാനാകാത്ത പാട്ടുകള്‍ നമുക്കുസമ്മാനിച്ചാണ് ആ മധുരസംഗീതം നിലച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!