കുരങ്ങു വസൂരി:പ്രാരംഭ ഘട്ടത്തില്‍ രോഗം കണ്ടെത്താന്‍ നടപടി
കുരങ്ങു വസൂരി സ്ഥിരീകരിച്ച സംസ്ഥാനത്ത് പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സ്ഥിതി വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം രണ്ട് ദിവസം കൂടി കേരളത്തില്‍ തുടരും.നിലവില്‍ ചിക്കന്‍ പോക്സിന്റെ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ പരിശോധന നടത്തി മങ്കിപോക്സ് അല്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗികളെയും രോഗം സംശയിക്കുന്നവരേയും ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് സജ്ജമാക്കും. സംസ്ഥാനത്ത് കുരങ്ങുവസൂരി പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതുവരെ 1200ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി.എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും രോഗം സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. കുരങ്ങുവസൂരി ബാധിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി പറഞ്ഞു.ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് കുരങ്ങുവസൂരി അല്ലെന്ന് ഉറപ്പ് വരുത്തും. സമൂഹത്തില്‍ മറ്റൊര്‍ക്കെങ്കിലും രോഗമുണ്ടോയെന്ന് കണ്ടെത്താന്‍ സമാന ലക്ഷണമുള്ള സാമ്പിളുകള്‍ റാന്‍ഡമായി പരിശോധിക്കുന്നതാണ്.
ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി വരുന്നു.