കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം: മന്ത്രി വീണാ ജോര്‍ജ്

0

കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ഗര്‍ഭിണികള്‍ പ്രസവത്തിനായി ഇപ്പോള്‍ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പു രോഗികള്‍ ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുന്‍പ് നിശ്ചയിച്ച ഇലക്ടീവ് സര്‍ജറി (ഹെര്‍ണിയയുടെ ശസ്ത്രക്രിയ) പുനക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയില്‍ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.

6 പേരെ (4 പുരുഷന്‍മാര്‍, 2 സ്ത്രീകള്‍) സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഒരു കാന്‍സര്‍ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലാ കളക്ടര്‍, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബല്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവരെ മന്ത്രി അടിയന്തരമായി ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനമിയം നടത്തിയിട്ടുണ്ട്. ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയില്‍ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളം ചെളി കലര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!