ലോക ട്രോമ ദിനത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോ സമാപിച്ചു

0

ലോക ട്രോമ ദിനത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റല്‍സും സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തിയ രാജ്യത്തെ തന്നെ ആദ്യത്തെ ട്രോമാകെയര്‍ ബോധവല്‍ക്കരണ യാത്രയുടെ ജില്ലയിലെ പര്യടനം അവസാനിച്ചു.റോഡപകടങ്ങളിലും,അടിയന്തര ഘട്ടങ്ങളിലും അപകടങ്ങളില്‍ പെടുന്നവരെ സംഭവസ്ഥലത്തും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സ്വീകരിക്കേണ്ട ശസ്ത്രീയമായ അടിയന്തര ചികിത്സ മാര്‍ഗ്ഗങ്ങളും ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളുമാണ് തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ” സുരക്ഷ 2022” റോഡ്‌ഷോ.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരും യാത്രയുടെ ഭാഗമായി കൂടെ ഉണ്ട്.മാനന്തവാടി സെന്റ് മേരീസ് കോളേജില്‍ വെച്ച് ജില്ലയിലെ ഉദ്ഘാടനം ഡിവൈഎസ്പി എ.പി ചന്ദ്രന്‍ നിര്‍വ്വഹിച്ച യാത്ര പനമരം ബസ് സ്റ്റാന്റ് പരിസരത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലും, മുട്ടില്‍ ഡബ്ല്യുഎംഒ ക്യാമ്പസില്‍ പ്രിന്‍സിപ്പല്‍ ഡോ. ടി പി മുഹമ്മദ് ഫരീദും, ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നടന്ന ഷോ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്തയും പര്യടനത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു.

യാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള ഷോ കല്‍പ്പറ്റ എസ്‌കെ എംജെ സ്‌കൂളില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ജേക്കബ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍, ഡോമൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സൂപ്പി കല്ലന്‍ങ്കോടന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്‌ഷോ കോഴിക്കോട് സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!