മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം

0

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍ വാക്സിന് ഡ്രഗ് റെഗുലേറ്ററി ബോര്‍ഡ് പരീക്ഷനാനുമതി നല്‍കി. 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം നടത്തും.

ഇതിനിടെ കൗമാരക്കാരിലെ വാക്‌സിനേഷന്റെ മാനദണ്ഡങ്ങളില്‍ കേന്ദ്രം വ്യക്തത വരുത്തി. 2023 ജനുവരിയില്‍ 15 വയസ് പൂര്‍ത്തിയാകുന്നര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രം പുനപരിശോധിക്കും.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കരുതല്‍ ഡോസ് എന്ന പേരില്‍ മൂന്നാം ഡോസ് നല്‍കുന്നത് തുടരും. എന്നാല്‍ ഇതിന് പുറമെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം നല്‍കില്ല എന്നാണ് സൂചന. എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ ഉപദേശം തേടി.

അതേസമയം കൊവാക്‌സീനും കൊവീഷീല്‍ഡിനും ഉപാധികളോടെ ഡിസിജിഐ വാണിജ്യ അനുമതി നല്‍കി. കൊവാക്‌സിനും കൊവിഷീല്‍ഡിനും ഇതുവരെ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി. ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് വാക്‌സീന്‍ വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉത്പാദകരായ ഭാരത് ബയോടെക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ അപേക്ഷയിലാണ് ഡിസിജിഐ വാണിജ്യാനുമതി നല്‍കിയത്.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സിന്‍ വില്‍ക്കാമെങ്കിലും മരുന്ന് കടകള്‍ക്ക് അനുമതിയില്ല. വാക്സിനുകളുടെ കണക്കും പാര്‍ശ്വഫലങ്ങളുടെ വിവരങ്ങളും ഡിസിജിഐക്ക് കൈമാറണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!