ഗോത്ര നാടിന്റെ പൈതൃകങ്ങളും സംസ്‌കാരവും സംരക്ഷിക്കുമെന്നും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുമെന്നും പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ്റിയാസ് പറഞ്ഞു. വൈത്തിരിയില്‍ എന്‍ ഊര് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം ദൈനംദിന ജീവിതവുമായി ഇടപെടുന്ന സംരംഭങ്ങള്‍ നാടിന് പുതിയ വഴികള്‍ തുറക്കും. ഇതിനൊരു ഉദാഹരണമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമവും മാറുക. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ എന്‍ ഊരിനെയും ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിനോദ സഞ്ചാരംഗത്തും വലിയ മുന്നേറ്റം സാധ്യമാകും. ഇതിനെല്ലാം ടൂറിസം വകുപ്പ് പൂര്‍ണ്ണ പിന്തുണ നല്‍കും.
ഗ്രാമീണ വിനോദ സഞ്ചാര രംഗത്തെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കും. ജനകീയ ടൂറിസം ലക്ഷ്യമാക്കിയ സ്ട്രീറ്റ് പദ്ധതിയും നാടിന് മുതല്‍ക്കൂട്ടാവും. ഇതോടെ ടൂറിസം ദൈനം ദിന ജീവിതത്തെ ഏറെ സ്വാധീനിക്കും. മൂന്ന് ജില്ലകളും രണ്ട് ഇതര സംസ്ഥാനങ്ങളും അതിരിടുന്ന വയനാടിന് വിനോദ സഞ്ചാരരംഗത്ത് അനന്ത സാധ്യതകളാണുള്ളത്. ഇതിനനുസരിച്ചുള്ള ടൂറിസം പദ്ധതികള്‍ തയ്യാറാക്കും. കോവിഡാന്തര കാലഘട്ടത്തില്‍ ജനവരി മുതല്‍ മാര്‍ച്ച് വരെ 38 ലക്ഷത്തോളം അഭ്യന്തര സഞ്ചാരികളാണ് ഇവിടെയെത്തി മടങ്ങിയത്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ക്കായുള്ള സാധ്യത പഠനം നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മഴക്കാഴ്ച പ്രദര്‍ശന വിപണന ഭക്ഷ്യമേള ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജീഷ്, എന്‍.കെ. ജ്യോതിഷ്‌കുമാര്‍, എന്‍ ഊര് ചാരിറ്റബില്‍ സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ഊര് സ്ഥാപക അംഗങ്ങള്‍, ഗോത്ര കലാകാരന്‍മാര്‍, പാരമ്പര്യ ഗോത്ര വിദഗ്ധര്‍, ആര്‍ക്കിടെക്ടുകള്‍, സി.എസ്.ആര്‍ ഫണ്ട് നല്‍കിയവര്‍ ,നിര്‍മ്മിതി കേന്ദ്ര തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.