സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ രാവിലെ 11.30ന് നടക്കും. ദേവസ്വം-പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. മഴക്കാഴ്ച എക്സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.രാഹുല്‍ഗാന്ധി എം.പി മുഖ്യപ്രഭാഷണം നടത്തും.
വയനാട് ജില്ലയിലെ ഗോത്ര ജനതയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് തനത് പാരമ്പര്യം, ജീവിത രീതി, ആചാരാനുഷ്ഠാനങ്ങള്‍ കലകള്‍ എന്നിവ പുറം ലോകത്തിന് പരിചയപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ‘എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ് ‘. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ് പൂര്‍ത്തിയാകുന്നത്. പദ്ധതി പ്രവര്‍ത്തന സജ്ജമാകുന്നതോടെ അന്‍പത് പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് പ്രത്യക്ഷമായും ആയിരത്തോളം ഗോത്ര കുടുംബങ്ങള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നതിനും സാധിക്കുന്നതാണ്.
മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.