സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം: മോട്ടര്‍ വാഹന ചട്ടം ഭേദഗതി ചെയ്യും

0

ഔദ്യോഗിക വാഹനങ്ങളില്‍ ബോര്‍ഡ് വയ്ക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താന്‍ കേരള മോട്ടര്‍ വാഹന ചട്ടം ഭേദഗതി ചെയ്യുന്നു. വ്യാപക ദുരുപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 7 വര്‍ഷത്തിനുശേഷമുള്ള ഭേദഗതി. ചട്ടത്തിലെ 92 (എ) വകുപ്പിലാണു മാറ്റം. അടുത്ത വര്‍ഷമാദ്യം നിലവില്‍ വരും.പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കര്‍ എന്നിവരുടെ പദവി ഭേദഗതിയില്‍ എടുത്തുപറയും. ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ഉള്‍പ്പെടുത്തും. നിലവില്‍ സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ചവര്‍ എന്ന ഗണത്തിലാണ് ഇവര്‍. ഇതിനു പകരം, ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്ന ബോര്‍ഡ് വെയ്ക്കാന്‍ ചട്ടപ്രകാരം തന്നെ അധികാരമുള്ളവരായി ഇവരുടെ പദവികള്‍ ഉള്‍പ്പെടുത്തും.
മന്ത്രിമാര്‍ക്കും തുല്യപദവിയിലുള്ളവര്‍ക്കും മാത്രമേ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വയ്ക്കാനാകൂ. കാറില്‍ ബോര്‍ഡ് വയ്ക്കാന്‍ അധികാരമുള്ള മറ്റുള്ളവര്‍ക്കു ബോര്‍ഡിന്റെ നിറത്തില്‍ നിയന്ത്രണമുണ്ട്. ചുവപ്പു ബോര്‍ഡ് എല്ലാവര്‍ക്കും വയ്ക്കാനാകില്ല. എന്നാല്‍, ഈ ചട്ടങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്നാണു വിമര്‍ശനം. ഭരണഘടനാ സ്ഥാപനങ്ങളേത്, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളേത് എന്നിവ സംബന്ധിച്ചു നിലവിലെ ചട്ടത്തില്‍ അവ്യക്തതയുണ്ടെന്നും കണ്ടെത്തി. ഇതെത്തുടര്‍ന്നാണു പുതിയ പട്ടിക തയാറാക്കി ചട്ടം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കാന്‍ തീരുമാനിച്ചത്.പട്ടിക തയാറാക്കേണ്ടതു നിയമവകുപ്പാണോ, ഗതാഗതവകുപ്പാണോ എന്ന ആശയക്കുഴപ്പത്തില്‍ 2 മാസമായി നടപടികള്‍ നടന്നിരുന്നില്ല. ഗതാഗതവകുപ്പിനു കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചു. കേരള സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനങ്ങള്‍ ഉപയോഗിച്ചു ഡ്രൈവര്‍മാര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണു ഭേദഗതി വേഗത്തിലാക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!